ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. ഇക്കാര്യം പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനൊപ്പം ഡൽഹിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.
‘കാലാവധി തീരാന്‍ ആറ് മാസം മാത്രമെ ഉള്ളുവെങ്കില്‍ നിയമസഭ പിരിച്ചുവിടേണ്ട കാര്യമില്ല. അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി നേതാക്കളെയും രണ്ട് വര്‍ഷം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടി. ആയിരക്കണക്കിന് റെയിഡുകള്‍ നടത്തി. എന്നാല്‍ ഒരു രൂപയുടെ പോലും അഴിമതി കണ്ടെത്താനായില്ല’- ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി പറഞ്ഞു. നേരത്തെ നിര്‍ദേശിച്ച സമയത്തിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം എഎപി നേതാക്കളും എംഎല്‍എമാരും യോഗം ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ഗോപാല്‍ റായ്, സഞ്ജയ് സിംഗ്, അതിഷി, രാഘവ് ഛദ്ദ എന്നിവരും മറ്റ് ചില എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയതിനു പിന്നാലെയാണ് അരവിന്ദ് കേജരിവാൾ രാജി പ്രഖ്യാപിച്ചത്. രണ്ടുദിവസം കഴിഞ്ഞാല്‍ താന്‍ മുഖ്യമന്ത്രി പദം രാജിവയ്ക്കുമെന്നും ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ആ കസേരയില്‍ ഇരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കേജരിവാൾ പറഞ്ഞു.