ബംഗാളിൽ യുവ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് സുരക്ഷ ഉറപ്പുവരുത്തുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം തുടരുന്ന ഡോക്ടർമാരുമായി മുഖ്യമന്ത്രി മമത ബാനർജി ചർച്ച നടത്തി. ഡോക്ടർമാരുടെ നാലിൽ മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചു എന്ന് ചർച്ചയ്ക്ക് ശേഷം മമത ബാനർജി വ്യക്തമാക്കി. ഡോക്ടർമാർ എത്രയും വേഗം ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും മമത അഭ്യർത്ഥിച്ചു. പോലീസ് കമ്മീഷണർ വിനീത് കുമാർ ഗോയൽ രാജിവെയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ചതായി മമത ബാനർജി അറിയിച്ചു.
ഇന്ന് വൈകുന്നേരം നാലു മണിക്ക് പുതിയ കമ്മീഷണർക്ക് ചുമതല കൈമാറും. ആരോഗ്യവകുപ്പിലെ രണ്ടുപേരെ ഒഴിവാക്കും. ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ഗുപ്തയെയും സ്ഥലം മാറ്റുമെന്ന് ഡോക്ടർമാരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മമത പ്രഖ്യാപിച്ചു. ഇതുകൂടാതെ ഡോക്ടർമാരുടെ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതോടെ സമരം ചെയ്യുന്ന ഡോക്ടർമാരുടെ 99 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്നും മമത ബാനർജി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിഷേധിച്ചതോടെയാണ്
കഴിഞ്ഞ ശനിയാഴ്ച നിശ്ചയിച്ച കൂടിക്കാഴ്ച മുടങ്ങിയത്. അതേസമയം വനിതാ ഡോക്ടറുടെ കൊലപാതകത്തിലെ അന്വേഷണം അട്ടിമറിക്കാൻ കൊൽക്കത്ത പോലീസ് ശ്രമിച്ചെന്ന സിബിഐയുടെ കണ്ടെത്തലിലും പ്രതിഷേധം ഉയരുന്നു. മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയും സംഭവ സമയത്തെ വസ്ത്രങ്ങൾ ശേഖരിക്കുന്നത് വൈകിപ്പിച്ചും പോലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നെന്നും സിബിഐ പറയുന്നു.