ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മൂന്ന് മരണം. 14 പേര്‍ക്ക് പരുക്ക്. കരോൾ ബാഗിലുള്ള ഇരുനില കെട്ടിടമാണ് ഇന്ന് രാവിലയോടെ തകര്‍ന്ന് വീണത്.
കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് അധികൃതര്‍ അറിയിക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടം തകര്‍ന്നുവീണതിന്‌റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ നടപടികളും ചെയ്യാന്‍ ഡൽഹി നിയുക്ത മുഖ്യമന്ത്രി അതിഷി ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടു.
അതേസമയം കെട്ടിടത്തിന്റെ കാലപഴക്കവും നഗരത്തില്‍ അടുത്തിടെ പെയ്ത കനത്തമഴയും ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.
തകര്‍ന്ന കെട്ടിടം പഴകിയതാണെന്നും ബാപ്പ നഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രദേശത്ത് ഇടുങ്ങിയ പാതയിലാണ് വീട് സ്ഥിതി ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.