Explainers

“മൊസാദ്” ഹമാസിനു മുമ്പില്‍ തോറ്റു, ഹിസ്ബുള്ളയെ ഞെട്ടിച്ചു: ഇസ്രയേലിന്റെ വജ്രായുധത്തിന് സംഭവിച്ചത് ?

അതിന്റെ സൂത്രധാരര്‍ മൊസാദ് തന്നെയെന്ന് ലോകത്തിനു വിശ്വസിക്കാന്‍ തെളിവൊന്നും വേണ്ട

ഇസ്രയേലിന്റെ വജ്രായുധം അങ്ങനെയാണ്, ചിലയിടങ്ങളില്‍ ചില പാളിച്ചകള്‍ സംഭവിച്ചേക്കാം. എന്നാല്‍, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുമെന്നു തന്നെ വിശ്വസിച്ചേ മതിയാകൂ. അതാണ് ലെബനനില്‍ കണ്ടത്. ലോകശക്തികള്‍ പോലും അതുകണ്ട് ഞെട്ടി. യുദ്ധ തന്ത്രങ്ങളുടെ രാജാവെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാനാവുന്നതാണ് മൊസാദിന്റെ ആലയില്‍ നിന്നും ഉണ്ടായത്. പേജര്‍-വാക്കിടോക്കി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല എന്നേയുള്ളൂ. പക്ഷെ, അതിന്റെ സൂത്രധാരര്‍ മൊസാദ് തന്നെയെന്ന് ലോകത്തിനു വിശ്വസിക്കാന്‍ തെളിവൊന്നും വേണ്ട.

എത്ര പ്രൊഫഷണലിസമാണ് അതില്‍ പ്രതിഫലിക്കുന്നത്. അതി സൂക്ഷ്മമായും, ശ്രദ്ധയോടെയും രഹസ്യാത്മകമായും കൃത്യം നിര്‍വഹിച്ചു എന്നതിലാണ് മൊസാദിന്റെ ക്രെഡിറ്റ്. ഹിസ്ബുള്ളയുടെ ഞെട്ടല്‍ ഇതുവരെയും വിട്ടുപോയിട്ടില്ല. തിരിച്ചടിക്കാനുള്ള സാവകാശത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍, ഹിസ്ബുള്ളയുടെ താവളത്തില്‍ അവര്‍പോലുമറിയാതെ സ്‌ഫോടനം പ്ലാന്‍ ചെയ്തു നടപ്പാക്കാന്‍ കഴിയുന്ന ഒരു സംവിധാനത്തോടാണ് ഏറ്റുമുട്ടുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഇല്ലെങ്കില്‍ ഇനിയും വലിയ നഷ്ടങ്ങള്‍ സംഭവിച്ചേക്കാം.

3000 പേജറുകള്‍ ഒരുമിച്ച് പൊട്ടിത്തെറിക്കുന്നു. അതും ഒരേസമയം. 11 പേര്‍ കൊല്ലപ്പെുന്നു. നാലായിരത്തിലേറെപ്പേര്‍ക്ക് പരുക്ക് പറ്റുന്നു. ലബനനിലെ ബെയ്‌റൂട്ട് മുതല്‍ മുതല്‍ ബെക്കാവാലി വരെ പരുക്കേറ്റവരുമായി ആംബുലന്‍സുകള്‍ പായുന്നു. ആക്രമണം നേരിട്ടതെല്ലാം ഹിസ്ബുള്ള നേതാക്കള്‍ക്കാണ്. ആക്രമണമുണ്ടാക്കിയ ആള്‍നാശത്തേക്കാള്‍ ഹിസ്ബുള്ളയെ മുറിവേല്‍പ്പിച്ചത്, സ്വന്തം സുരക്ഷാസംവിധാനത്തിലേക്ക് മൊസാദ് നുഴഞ്ഞുകയറിയെന്ന യാഥാര്‍ഥ്യമാണ്. അതാണ് ഇസ്രയേലിന്റെ വജ്രായുധമായ മൊസാദിന്റെ കീര്‍ത്തി.

പക്ഷെ, ഇതേ മൊസാദെന്ന രഹസ്യ പോലീസ് പരാജയപ്പെട്ട ഒരു ദിവസമുണ്ടായിരുന്നു. അതും ഹമാസിനു മുമ്പില്‍. 2023 ഒക്ടോബര്‍ 7. അന്ന് മൊസാദ് പരാജയപ്പെട്ട ദിവസമായിരുന്നു. അല്ലെങ്കില്‍ മൊസാദിനെ നിര്‍വീര്യമാക്കുന്ന തന്ത്രങ്ങള്‍ മെനഞ്ഞ് ഹമാസ് നടപ്പാക്കിയ ദിനം. അതിന്റെ പേരിലാണ് പിന്നീട് ആരംഭിച്ച യുദ്ധം, ഇപ്പോള്‍ ഹിസ്ബുള്ളയുമായുള്ള യുദ്ധം വരെ നീണ്ടത്.

ഹമാസിന്റെ ആസൂത്രണത്തിനു മുമ്പില്‍ തോറ്റ മൊസാദ്

രഹസ്യ പോലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ട് ഹമാസ്, ഗാസാ മുനമ്പിലൂടെ ഇസ്രയേല്‍ അതിര്‍ത്തി പൊളിച്ചു. മിന്നല്‍ ആക്രമണത്തില്‍ 1139 ഇസ്രയേലികളെ കൊന്നു. കൂടാതെ 251 ഇസ്രയേലികളെ തടവുകാരാക്കുകയും ചെയ്തു. ഇസ്രയേലിനെയും ലോകത്തെയും ഹമാസ് ഞെട്ടിച്ച ആക്രമണം. ഒരു ഈച്ചപോലും അറിയാതെ നടത്തിയ പ്ലാന്‍. ലോകത്തെ ഞെട്ടിക്കുന്ന രഹസ്യ പോലീസായ മൊസാദിന്റെ നെറുകം തലയ്‌ക്കേറ്റ അടി. ഇതെങ്ങനെ സംഭവിച്ചു എന്നുപോലും ചിന്തിക്കാന്‍ ഇനല്‍കാത്ത ഹമാസിനോട് പിന്നീട് പകയുടെ വെടിവഴിപാടായിരുന്നു ഇസ്രയേല്‍ നടത്തിയത്. ഏകദേശം 45,000ത്തോളം പലസ്തീന്‍കാരെ ഇസ്രയേല്‍ ചുട്ടുകരിച്ചു. കുട്ടികള്‍ അഠക്കം, ആശുപത്രികള്‍ അടക്കം ഇസ്രയേല്‍ സൈന്യം ആക്രമിച്ചു.

 

ഈ യുദ്ധം ഇസ്രയേല്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ മാത്രം നലത്തുന്ന ഒന്നല്ല, മറിച്ച് മൊസാദിന്റെ വിശസ്വാസ്യത തിരിച്ചു കൊണ്ടുവരാന്‍ കൂടിയുള്ളതാണ്. ഹമാസിന്റെ ആക്രമണം മൊസാദിനെ നാണം കെടുത്തിയിരുന്നു. ലോകത്തെവിടെയാണെങ്കിലും ശത്രുവിനെ കശാപ്പു ചെയ്യാന്‍ ട്രെയിന്‍ ചെയ്യപ്പെട്ട, നുഴഞ്ഞു കയറ്റത്തെ ഫലപ്രദമായി തടയാന്‍ കഴിവുള്ള, ഏതു രഹസ്യവും ചോര്‍ത്താന്‍ പോന്ന സേനയാണ് മൊസാദ്. ആ മൊസാദിനെയാണ് നിര്‍ജ്ജീവമാക്കിക്കൊണ്ട് ഹമാസ് ഇസ്രയേലില്‍ കയറി ആക്രമണം നടത്തിയത്. അതാണ് ഇസ്രയേലിന് സഹിക്കാനാവാതെ പോയത്. ഹമാസിന്റെ രഹസ്യ അജണ്ടയ്ക്കു മുമ്പില്‍ തോറ്റുപോയ മൊസാദ്, ഹിസ്ഹബുള്ളയെ തകര്‍ത്താണ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.

മൊസാദിന്റെ ആസൂത്രണങ്ങള്‍

തായ് വാനില്‍ നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങാനുള്ള ബള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്നത്. ഈ പേജറുകള്‍ മൊസാദ് കൈക്കലാക്കി അതിസൂക്ഷ്മ ഓപ്പറേഷനിലൂടെ ചിപ്പോ സ്‌ഫോടകവസ്തുവോ വച്ചിരിക്കാമെന്നാണ് സൂനച. ആല്‍ഫാന്യൂമെറിക്കല്‍ കോഡ് പോലുള്ള സംവിധാനം ഉപയോഗിച്ച് ട്രാക്ക് ചെയ്തുകൊണ്ടേയിരിക്കും. ശേഷം ഈ പേജറുകള്‍ ടാര്‍ഗറ്റുകളുടെ കൈയ്യില്‍ എത്തുന്നത് വരെ കാത്തിരിപ്പാണ്. പേജറുകള്‍ വ്യാപകമായി ഹിസ്ബുള്ള ഉപയോഗിച്ചു തുടങ്ങിയ ശേഷമാണ് സ്‌ഫോടനം നടത്തിയത്. ചെറിയ ശബ്ദത്തോടെയുള്ള സ്‌ഫോടനങ്ങള്‍ മാത്രമാണ് നടക്കുക. കൂടുതല്‍ പേര്‍ക്കും മുഖത്തിനും കണ്ണുകള്‍ക്കും കൈകള്‍ക്കുമാണ് പരുക്കേറ്റത്.

പലരുടെയും കൈകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. ശരീരത്തോടു ചേര്‍ന്നുള്ള പൊട്ടിത്തെറി ആയതിനാല്‍ ജീവഹാനി വരെ സംഭവിക്കും. ഇത് മനസ്സിലാക്കി തന്നെയാണ് പേജര്‍ സ്‌ഫോടനം നടത്തിയതും. മാസങ്ങള്‍ നിരീക്ഷിച്ച് സൂക്ഷ്മമായി ടാര്‍ഗറ്റ് സെറ്റ് ചെയ്ത് ആക്രമിക്കുന്നതാണ് ലോകത്ത് സാങ്കേതികമായി ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെടുന്ന ഇസ്രയേലി ചാരസംഘടന മൊസാദിന്റെ രീതി. അതുകൊണ്ട് ഇസ്രയേല്‍ ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റില്ലെങ്കിലും പിന്നില്‍ മൊസാദ് തന്നെയെന്ന കാര്യത്തില്‍ സംശയമില്ല. ഇറാനില്‍ വച്ച് ഹമാസ് തലവന് ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്തിയ ഓപ്പറേഷനും ഇതേ മാതൃകയിലായിരുന്നു.

ഇറാനിലെത്തുമ്പോള്‍ അദ്ദേഹം പതിവായി താമസിക്കാറുള്ള, അതീവ സുരക്ഷാ മേഖലയിലുള്ള മുറിയിലാണ് അന്ന് മൊസാദ് ബോംബ് വച്ചത്. മാസങ്ങള്‍ക്ക് ശേഷം ആ മുറിയിലെത്തിയ രാത്രിയില്‍ സ്‌ഫോടനം. ഇറാന്റെ കര്‍ശന സുരക്ഷയും നിരീക്ഷണവുമുളള സ്ഥലത്ത് മൊസാദ് നടത്തിയ സ്‌ഫോടനവും ആസൂത്രണവും അന്നും ലോകത്തെ ഞെട്ടിച്ചിരുന്നു. ശത്രുപക്ഷത്തെ വിറപ്പിച്ച ഇസ്രയേല്‍ നീക്കം, ഇതുപോലുള്ള മാസ് ആക്രമണങ്ങളുടെ ഭീതിയിലേക്ക് കൂടി ലോകത്തെ തള്ളിയിടുകയാണ്. പ്രതിരോധത്തിന് ഏതടവും പയറ്റാനും ഏതു സുരക്ഷാ മേഖലയും നുഴഞ്ഞുകയറി പൊളിക്കാനും പറ്റുന്ന ശക്തിയായി ഇസ്രയേല്‍ മാറുന്നത് ലോകശക്തികളെപ്പോലും വെല്ലുവിളിക്കുന്ന ഒന്നാണ്.

ആരാണ് ഹിസ്ബുള്ള?

ലബനന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രസ്വഭാവമുള്ള സംഘടനയാണ് ഹിസ്ബുള്ള. യു.എസും യൂറോപ്യന്‍ യൂണിയനും യു.എ.ഇയും അടക്കം 60 രാജ്യങ്ങള്‍ ഭീകരസംഘടനായായി പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണിത്. ലബനന്‍ പാര്‍ലമെന്റില്‍ നിര്‍ണായക സ്വാധീനമാണ് ഹിസ്ബുള്ളയ്ക്കുള്ളത്. അവരുടെ സായുധ പിന്തുണയില്ലാതെ ലെബനന് നിലനില്‍പ്പില്ല. ആയുധ ശേഷിയും, പുതിയ സാങ്കേതിക വിദ്യയുമുള്ള സായുധ സംഘമാണ് ഹിസ്ബുള്ളയുടേത്. ഗാസയില്‍ ഹമാസും യെമനിലെ ഹൂതി വിമതരുമായി കൈകോര്‍ത്ത് ഇസ്രയേലിന്റെ ശത്രുപക്ഷത്താണ് ഹിസ്ബുള്ള നിലയുറപ്പിച്ചിരിക്കുന്നത്. ഹിസ്ബുള്ളക്കു വേണ്ട ആയുധവും പരിശീലനവും നല്‍കുന്നത് ഇറാനാണ്. അതിര്‍ത്തിയില്‍ ഇസ്രയേലിനെ വിറപ്പിച്ച് നിര്‍ത്തുകയാണ് ലക്ഷ്യം. ഗാസ യുദ്ധം തുടങ്ങിയപ്പോള്‍ മുതല്‍ ലബനന്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമാണ്.

CONTENT HIGHLIGHTS; “Mossad” Defeats Hamas, Shocks Hezbollah: What Happened to Israel’s Diamond Weapon?

Latest News