കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ വാട്ടര്‍ വീക്ക് 2024ല്‍ കേരളത്തിന് പ്രദര്‍ശനസ്റ്റാളുകളുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം. ജലവികസനവും പരിപാലനവും പ്രമേയമാക്കി 17 മുതല്‍ 20 വരെ നടന്ന വാട്ടര്‍ വീക്ക് 2024ല്‍, 28 സംസ്ഥാനങ്ങള്‍ ഒരുക്കിയ സ്റ്റാളുകളില്‍ നിന്നാണ് സംസ്ഥാന ജലവിഭവ വകുപ്പ് ഒരുക്കിയ സ്റ്റാള്‍ അംഗീകാരം നേടിയത്. കേരള വാട്ടര്‍ അതോറിറ്റി ഒരുക്കിയ ഓട്ടമേറ്റഡ് പമ്പിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനമാതൃക, മെയിന്റനന്‍സ് സോഫ്ട്‌വെയര്‍ സംവിധാനമായ അക്വാലൂമുമായി ബന്ധപ്പെട്ട ആനിമേറ്റഡ് വിഡിയോകള്‍, ജലശുദ്ധീകരണശാലകളിലെ സ്‌കാഡ ഓട്ടമേഷന്‍, മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ടായ ബന്‍ഡിക്കൂട്ടിന്റെ പ്രവര്‍ത്തനം, പോസ്റ്ററുകള്‍ എന്നിവ കൂടാതെ ജലസേചന വകുപ്പ്, ഭൂജല വകുപ്പ്, കിഡ്ക് വകുപ്പുകളുടെ നിശ്ചല മാതൃകകളും പ്രദര്‍ശിപ്പിച്ചു. വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ ടി.വി. നാരായണന്‍ നമ്പൂതിരി ‘ഊര്‍ജ്ജക്ഷമതയും ആട്ടോമേഷനും കേരളത്തിലെ ജലവിതരണത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍’ എന്ന പ്രബന്ധവും അവതരിപ്പിച്ചു. വാട്ടര്‍ അതോറിറ്റി ചെയര്‍മാന്‍ ബിശ്വനാഥ് സിന്‍ഹ ഐഎഎസ്, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ഡോ. ബിനു ഫ്രാന്‍സിസ് ഐഎഎസ് എന്നിവര്‍ സ്റ്റാള്‍ ഒരുക്കുന്നതിന് നേതൃത്വം നല്‍കി.