ബെംഗളൂരു: ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുൻ അടക്കമുള്ളവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തെരച്ചിലിനായി എത്തുമെന്നും നാവിക സേന അധികൃതർ അറിയിച്ചു.
നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും തീരുമാനമായി.
അതേസമയം, ഗംഗാവലിപ്പുഴയില്‍ നടത്തിയ തെരച്ചിലിൽ ഇന്നും അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങള്‍ കണ്ടെത്തി. ടാങ്കറിന്റെ മഡ് ഗാര്‍ഡാണ് കണ്ടെത്തിയത്. തിങ്കളാഴ്ച ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലില്‍ ലോറിയുടെ ബമ്പറിന്റെ ഭാഗം കണ്ടെത്തിയിരുന്നു.