ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ (29) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
കൊട്ടാരക്കര ബാർ അസോസിയേഷനിലെ അഭിഭാഷകയാണ് മരിച്ച കൃപ. ഭർത്താവ് കൊല്ലം പൂയപ്പള്ളി അഖിൽ നിവാസിൽ അഖിൽ ജിത്ത്. ഇരുവരും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് 21 ന് ആയിരുന്നു.
STORY HIGHLIGHT: newly married bride died in accident