ആര്‍ക്കാണ് ശരിക്കും ട്രഷറി നിയന്ത്രണം ?. അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മാത്രം പാസാക്കുന്നത് ആരുടേതാണ് ?. അതിനു മുകളില്‍ലുള്ള തുക പാസാക്കാന്‍ ധനവകുപ്പിനെ സമീപിക്കുന്നതാരാണ് ?. ഇതിനെല്ലാം ഉത്തരം സര്‍ക്കാര്‍ പറയുമെന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ തെറ്റി. സാമ്പത്തിക പ്രതിസന്ധി കാലത്ത് സര്‍ക്കാരിനെയും ധനവകുപ്പിനെയും കുറിച്ച് അപവാദം പറഞ്ഞു പരത്തരുത് എന്നൊരു താത്വികമായ നിര്‍ദ്ദേശമേ ഉണ്ടാകൂ. ആര്‍ക്കാണ് ശരിക്കും ട്രഷറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചോദിച്ചാല്‍ കോണ്‍ട്രാക്ടര്‍മാര്‍ തൊട്ട് സര്‍ക്കാരിന്റെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്തിട്ട്, ബില്ലു മാറാന്‍ നില്‍ക്കുന്നവര്‍ക്കാണ് നിയന്ത്രണം.
കോണ്‍ട്രാക്ടര്‍മാര്‍ അഞ്ചലക്ഷം രൂപയ്ക്കു താഴെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്. ചെയ്യുന്ന ജോലിക്ക് ലാഭം വേണ്ടേ. ഒരു ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പോലും MLAമാര്‍ ചെലവാക്കുന്നത് ശരാശരി പത്തു ലക്ഷം രൂപയ്ക്കു മുകളിലാണ്. ഇത് പാസാകണമെങ്കില്‍ ധനവകുപ്പിന്റെ അനുമതി വേണം. അതായത്, മുന്‍പരിചയമുള്ളവരാണെങ്കില്‍ ബില്ലൊക്കെ പാസായിപ്പോകുമെന്നര്‍ത്ഥം. പരിചയവും പിടിപാടുമില്ലാത്ത കോണ്‍ട്രാക്ടര്‍മാര്‍ ബില്ലും കൈയ്യില്‍ പിടിച്ച് നിയന്ത്രണം മാറുന്നതുവരെ കാത്തിരിക്കും.
സമാന രീതിയിലാണ് ട്രഷറിയിലെ നിയന്ത്രണം മാറുന്നതും, കൊണ്ടുവരുന്നതും. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ നിയന്ത്രണം ഒഴിവാക്കി പണം ഉപയോഗിക്കും. ശേഷം വീണ്ടും നിയന്ത്രണം കൊണ്ടു വരും. അതായത് ധനവകുപ്പിന്റെ ആശ്രിതരോ, വേണ്ടപ്പെട്ടവരോ വന്നാല്‍ ഖജനാവ് താനേ തുറക്കും. ആവശ്യം കഴിഞ്ഞാല്‍പ്പിന്നെ സാധാരണക്കാര്‍ക്കു മുമ്പില്‍ അതടയും. തല്‍ക്ഷണം പിച്ചച്ചട്ടിയുമായി ധനവകുപ്പ് ഖജനാവിനു മുമ്പില്‍ നില്‍ക്കും. ജനങ്ങളെ പറ്റിക്കുന്നത് ഇങ്ങനെയാണ്.
ജനങ്ങളോട് സാമ്പത്തിക പ്രതിസന്ധിയണെന്നു പറയുകയും, സര്‍ക്കാരിന്റെ കാര്യങ്ങള്‍ക്കായി പണം ചെലവഴിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. നോക്കൂ. ക്ഷേമ പെന്‍ഷനുകള്‍ മുടക്കം വന്നിട്ട് ആറുമാസം കഴിഞ്ഞു. രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുക അനുവദിച്ചിരുന്നെങ്കിലും ഇനിയും കൊടുക്കാനുണ്ട്. മുടക്കംവന്ന തുക പൂര്‍ണ്ണമായി കൊടുക്കാന്‍ കഴിയാത്ത ധനവകുപ്പും സര്‍ക്കാരും ഇപ്പോള്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ഹൈലിക്കോപ്ടറിന്റെ വാടക കൊടുക്കാന്‍ കോടികള്‍ മുടക്കിയിരിക്കുന്നു.
അതും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഘട്ടത്തില്‍. ഹെലികോപ്റ്റര്‍ വാടകക്ക് 3.20 കോടിരൂപയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ ഹെലികോപ്ടര്‍ പൂര്‍ണ്ണ തോതില്‍ കേരളം ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. മാത്രമല്ല, മുഖ്യമന്ത്രി എങ്ങനെ വേണേലും യാത്ര ചെയ്‌തോട്ടെ. പക്ഷെ, അത് ജനങ്ങളെ ദുരിത ജീവിതത്തിലേക്ക് തള്ളിയവിട്ടിട്ടായിരിക്കരുത് എന്നുമാത്രം. യാത്രകള്‍ സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്.
എന്നാല്‍, കേരളത്തിലെ മുഖ്യമന്ത്രിയുടെ യാത്രയയ്ക്ക് എന്തിനാണ് ഹെലിക്കോപ്ടര്‍ സ്ഥിരമായി വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നതാണ് ചോദ്യം. ട്രഷറി നിയന്ത്രണം 5 ലക്ഷം രൂപയാണ്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചതിനാല്‍ 3.20 കോടിയും ഹെലികോപ്റ്റര്‍ ഉടമകളായ ചിപ്സണ്‍ ഏവിയേഷന് ലഭിക്കും. ജൂണ്‍ 20 മുതല്‍ ഒക്ടോബര്‍ 19 വരെയുള്ള 4 മാസത്തെ ഹെലികോപ്റ്റര്‍ വാടകയാണ് അനുവദിച്ചത്. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. നാല് മാസത്തെ വാടക ആവശ്യപ്പെട്ട് ജൂണ്‍ 20ന് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
തുടര്‍ന്ന് പണം നല്‍കാന്‍ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെയും മുഖ്യമന്ത്രിക്കായി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം അതിന്റെ കരാര്‍ കഴിഞ്ഞപ്പോള്‍ പിന്നീട് പുതുക്കിയില്ല.
പക്ഷെ രണ്ടരവര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തി. 2023 മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് അന്തിമ കരാറിലെത്തിയത്. ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്ടര്‍ നല്‍കുന്നത്. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാം.
മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനെന്നാണ് പറച്ചിലെങ്കിലും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും പ്രധാനമായും കോപ്ടര്‍ ഉപയോഗിക്കുക എന്നായിരുന്നു പുറത്തുവന്ന സൂചന. എന്നാല്‍ മുഖ്യമന്ത്രിയും വിമാനം കാര്യമായി ഉപയോഗിച്ചിട്ടില്ലെന്നതാണ് വസ്തുത. നേരത്തെ ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പവന്‍ ഹംസ് കമ്പനിയില്‍ നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തിരുന്നു. എന്നാല്‍ ഇതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല.
CONTENT HIGHLIGHTS;Treasury regulation and helicopter charters in the financial crisis