ഹിമാചൽ പ്രദേശിലെ വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവും തീര്‍ഥാടനസ്ഥലവുമാണ് മസ്‌റൂർ റോക്ക് കട്ട് ക്ഷേത്രങ്ങൾ. ഒരൊറ്റ പാറയിൽ കൊത്തിയെടുത്ത 15 ഏകശിലാ ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണ് ഇവിടുത്തെ പ്രധാനകാഴ്ച. ധർമശാലയിൽനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1914 ൽ ഇന്ത്യയിലെ ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ക്ഷേത്രം ഇപ്പോൾ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ്.ബിയാസ് നദിയുടെ കരയിലായി കാൻഗ്ര താഴ്‌വരയിലാണ് എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ക്ഷേത്രം. ഹിമാലയത്തിലെ ദൗലാധർ പർവതത്തിനഭിമുഖമായി നില്‍ക്കുന്ന ക്ഷേത്രത്തിന്റെ നിർമിതിയിൽ ഉത്തരേന്ത്യൻ വാസ്തുവിദ്യാ ശൈലി തെളിഞ്ഞുകാണാം. ശിവൻ, വിഷ്ണു, ദേവി, സൂര്യന്‍ തുടങ്ങിവരാണ് ആരാധനാ മൂർത്തികൾ. മഹാരാഷ്ട്രയിലെ അജന്ത, എല്ലോറ ഗുഹാക്ഷേത്രങ്ങളുമായി സാമ്യമുള്ളതിനാല്‍ ഇതിനെ ഹിമാചല്‍പ്രദേശിന്‍റെ എല്ലോറ എന്നും വിളിക്കുന്നു. ഇടയ്ക്ക് ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ക്ഷേത്രത്തിലെ പ്രധാന കാഴ്ചകള്‍ക്കും ഭാഗങ്ങള്‍ക്കും ഇപ്പോഴും കാര്യമായ കേടുപാടില്ല.
പാറക്കെട്ടുകളുടെ മുകളിലാണ് ചതുരാകൃതിയിലുള്ള ക്ഷേത്ര സമുച്ചയം. 757 മീറ്റർ ഉയരമുള്ള ഭീമാകാരമായ ഒരു മണൽക്കല്ലിൽ കൊത്തിയെടുത്തതാണിത്. പ്രധാന ശ്രീകോവിലിൽ നാലു മുഖങ്ങളുള്ള ശിവനാണുള്ളത്. പ്രധാന ക്ഷേത്രം ‘താകൂർദ്വാര’ എന്നാണ് അറിയപ്പെടുന്നത്. അതിനു ചുറ്റും ഉപദേവതാ ക്ഷേത്രങ്ങൾ. വിഷ്ണു, ഇന്ദ്രൻ, ഗണേശൻ, കാർത്തികേയൻ, ദുർഗ തുടങ്ങിയ ദേവതകളും ശിവനരികിലായി കാണാം. വരാഹം, നരസിംഹം, വരുണൻ, അഗ്നി, അർദ്ധനാരീശ്വരൻ, ഹരിഹരന്‍, അപ്സരസ്സുകൾ തുടങ്ങിയ ശിൽപങ്ങളുമുണ്ട്.
ഇരുപതാം നൂറ്റാണ്ടിൽ ശ്രീകോവിലിനുള്ളിൽ ആരോ സ്ഥാപിച്ച രാമൻ, ലക്ഷ്മണൻ, സീത എന്നിവരുടെ ചെറിയ കരിങ്കല്‍വിഗ്രഹങ്ങളും ഇവിടെയുണ്ട്. ക്ഷേത്രത്തിന് വടക്കുകിഴക്ക്, തെക്കുകിഴക്ക്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായി മൂന്ന് പ്രവേശന കവാടങ്ങളുണ്ട്. അവയിൽ രണ്ടെണ്ണം അപൂർണമാണ്. ക്ഷേത്ര സമുച്ചയത്തിന് കിഴക്ക് ഭാഗത്ത് ഒരു കുളവും കാണാം. മുംബൈയ്‌ക്കടുത്തുള്ള എലിഫന്‍റ ഗുഹകളോടും (1,900 കിലോമീറ്റർ അകലെ) കംബോഡിയയിലെ അങ്കോർ വാട്ടിനോടും (4,000 കിലോമീറ്റർ അകലെ) തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ ക്ഷേത്രങ്ങളോടും (2,700 കിലോമീറ്റർ അകലെ) സാമ്യമുള്ളതാണ് ഈ ക്ഷേത്രങ്ങള്‍.
ക്ഷേത്ര സമുച്ചയത്തിന് ചുറ്റുമുള്ള പ്രദേശത്ത് ഗുഹകളും അവശിഷ്ടങ്ങളുമുണ്ട്. മസ്‌റൂർ പ്രദേശത്ത് ഒരുകാലത്ത് വലിയ തോതിൽ മനുഷ്യവാസം ഉണ്ടായിരുന്നതായി ഇത് തെളിയിക്കുന്നു. 1913-ൽ ഹെൻറി ഷട്ടിൽവർത്താണ് ക്ഷേത്ര സമുച്ചയത്തെക്കുറിച്ച് ആദ്യമായി ലോകത്തോട് പറയുന്നത്. പിന്നീട്, 1915-ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ ഹരോൾഡ് ഹാർഗ്രീവ്സ് ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി. ഈ പ്രദേശത്ത് പ്രചരിക്കുന്ന ഐതിഹ്യമനുസരിച്ച്, വനവാസകാലത്ത് പഞ്ച പാണ്ഡവർ ഇവിടെ താമസിച്ചു എന്നു പറയപ്പെടുന്നു. അവര്‍ ഈ ക്ഷേത്രം നിര്‍മിക്കുകയും പണി പൂര്‍ത്തിയാകും മുന്‍പേ ഇവിടെനിന്ന് പോകേണ്ടി വരികയും ചെയ്തത്രേ. സ്വര്‍ഗത്തിലേക്കു നേരിട്ട് കയറിപ്പോകാനായി പാണ്ഡവര്‍ ഒരു ഗോവണി പണിയാന്‍ ആരംഭിച്ചു. പുലരുംമുന്‍പേ ഗോവണിയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് അവര്‍ ശപഥം ചെയ്തു. ദേവന്മാരുടെ രാജാവായ ഇന്ദ്രന്‍ ഇതു കണ്ടപ്പോള്‍ എങ്ങനെയും അവരെ തടയണമെന്ന് തീരുമാനിച്ചു. പണി തുടങ്ങി അധികം വൈകാതെ ഒരു കാക്കയുടെ രൂപത്തില്‍ ഇന്ദ്രന്‍ അവിടെയെത്തി കരയാന്‍ തുടങ്ങി.
കാക്ക കരയുന്ന ശബ്ദം കേട്ട പാണ്ഡവര്‍ നേരം പുലര്‍ന്നുവെന്ന് തെറ്റിദ്ധരിക്കുകയും പണി പൂര്‍ത്തിയാകാതെ ഇവിടം വിടുകയും ചെയ്തുവെന്ന് ഐതിഹ്യം പറയുന്നു. അതിനാലാണ് ക്ഷേത്ര സമുച്ചയം ഇന്നും പൂർത്തിയാകാതെ കിടക്കുന്നതെന്നാണ് വിശ്വാസം. എല്ലാവര്‍ഷവും രാമനവമിയും ജന്മാഷ്ടമിയും വളരെ വിപുലമായി ക്ഷേത്രത്തില്‍ ആഘോഷിച്ചു വരുന്നു. ഈ സമയത്ത് ധാരാളം ഭക്തര്‍ ക്ഷേത്രത്തിലേക്കെത്തുന്നു. ടൂറിസ്റ്റുകള്‍ക്ക് മേയ് മുതൽ ഒക്ടോബർ വരെയാണ് സന്ദർശിക്കാൻ മികച്ച സമയം. 85 കിലോമീറ്റർ അകലെയുള്ള പത്താന്‍കോട്ട് ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ട്രെക്കിങ് ഹോട്ട്സ്പോട്ടായ കാരേരി തടാകം, കാടിന് നടുവിലായി ‘മാ ബഗ്ലാമുഖി’ക്ക് സമർപ്പിച്ചിരിക്കുന്ന ബഗ്ലാമുഖി ക്ഷേത്രം, 1,000 വർഷങ്ങൾക്ക് മുമ്പ് കാൻഗ്രയിലെ കട്ടോച്ച് രാജവംശം നിര്‍മിച്ച പുരാതനമായ കാൻഗ്ര കോട്ട, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ തടാകമായ പോങ് ഡാം തടാകം, ഗുലാർ രാജാവിന്‍റെ കാലത്ത് നിര്‍മിച്ച കോട്‌ല ഫോർട്ട് എന്നിവ മസ്റൂർ ക്ഷേത്രത്തിന് സമീപം സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്.
STORY HIGHLLIGHTS : Masroor Temples: Ellora of the Himachal