തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പി.ആർ ഏജൻസിയെ ഉപയോഗിച്ചുവെന്ന വിവാദങ്ങൾക്കിടെയാണ് യോഗം ചേരുന്നത്. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തെ നേരിടേണ്ട തന്ത്രങ്ങളും ചർച്ചയ്ക്ക് വന്നേക്കും.
മുഖ്യമന്ത്രി പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അഭിമുഖം നൽകിയ ദ ഹിന്ദു ദിനപത്രം പി.ആർ ഏജൻസി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങൾ ഉൾപ്പെടുത്തിയത് എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസും, സിപിഎം നേതൃത്വവും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇന്ന് ചർച്ചയ്ക്ക് വരും.
യോഗത്തിനുശേഷം പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിശദീകരിക്കുമെന്നാണ് സൂചന. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന സിപിഐ നിലപാടും ചർച്ചയ്ക്ക് വരും. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി യോഗത്തിൽ നൽകിയേക്കും. പി.വി അൻവർ സർക്കാരിനും, പാർട്ടിക്കും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ എങ്ങനെ നേരിടണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ഉണ്ടാകും. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തെ നേരിടേണ്ട തന്ത്രങ്ങളും ചർച്ചയ്ക്ക് വന്നേക്കും.