തിരുവനന്തപുരം: ‘ദ ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങളോട് വളരെ ലാഘവത്തോടു കൂടി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പല ചോദ്യങ്ങളോടും പരിഹാസ രൂപേണയും ചിരിച്ചുകൊണ്ടുമായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. ‘ഹിന്ദു’ പത്രത്തെ തള്ളിപ്പറയാനോ നടപടിയെടുക്കാനോ മുഖ്യൻ തയ്യാറാകുന്നില്ല എന്ന് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ആവർത്തിച്ചുള്ള പല ചോദ്യങ്ങളും ഒഴിവാക്കി കൊണ്ടായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. ‘ഹിന്ദു’വിന് അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഹിന്ദു’ പത്രത്തിന് അഭിമുഖം നൽകുന്നത് എനിക്കും താൽപര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്നും പറഞ്ഞു. ഒറ്റപ്പാലത്തുള്ള ലേഖികയാണ് അഭിമുഖത്തിനു വന്നത്. ഒരുപാട് ചോദ്യം ചോദിച്ചു, മറുപടി പറഞ്ഞു. ഒരു ചോദ്യം പി.വി.അൻവറുമായി ബന്ധപ്പെട്ടായിരുന്നു. അത്ര സമയമില്ലാത്തതിനാൽ, വിശദമായി പറയേണ്ടതിനാൽ ആവർത്തിക്കുന്നില്ല എന്നു പറഞ്ഞു. അഭിമുഖം തീർന്നപ്പോൾ, വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചെങ്കിലും എല്ലാത്തിനും നല്ല രീതിയിൽ മറുപടി നൽകിയെന്നു പറഞ്ഞു നന്നായാണു ഞങ്ങൾ പിരിഞ്ഞത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, അഭിമുഖം പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ പറയാത്ത കാര്യങ്ങളും വന്നിരുന്നു. ഏതെങ്കിലും ഒരു ജില്ലയെയോ വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമല്ല. ഇതിൽ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഞാനോ സർക്കാരോ ഒരു പിആർ എജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പൈസയും പിആർ ഏജൻസിക്കു വേണ്ടി ഞാനോ സർക്കാരോ ചെലവഴിച്ചിട്ടില്ല. ദേവകുമാറിന്റെ മകൻ ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെ നിൽക്കുന്നയാളാണ്. അയാൾ ആവശ്യപ്പെട്ടപ്പോൾ അഭിമുഖത്തിനു തയാറായി എന്നേയുള്ളൂ. മറ്റു കാര്യങ്ങൾ അവർ തമ്മിലുള്ളതാണ്, എനിക്കറിയില്ല.
അഭിമുഖത്തിലെ വിവാദമായ ഭാഗം അങ്ങനെ കൊടുക്കാൻ പാടില്ലല്ലോ. അതാണു ഹിന്ദു പത്രം വളരെ മാന്യമായി ഖേദം രേഖപ്പെടുത്തിയത്. ഏതെങ്കിലും ഒരു ഭാഗം കിട്ടിയാൽ, അതു ഞാൻ പറഞ്ഞതിന്റെ ഭാഗമായി കൊടുക്കാൻ പാടുണ്ടോ? ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ എഴുതുക മാത്രമല്ല, ഫോണിൽ റിക്കോർഡ് ചെയ്യുന്നുമുണ്ട്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നുണ്ട്. അവർ തമ്മിൽ എന്താണു നടന്നതെന്ന് എനിക്ക് പറയാനാകില്ല. ഈ പറയുന്ന ഏതെങ്കിലും ഭാഗം സുബ്രഹ്മണ്യന്റെ കയ്യിൽനിന്നു വാങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ കൂടി അവിടേക്കു വന്നു. ലേഖികയുടെ ആളാണെന്നാണു കരുതിയത്. പിന്നെയാണ് പിആർ ഏജൻസിയുടെ ആളാണെന്നു മനസ്സിലായത്, എനിക്ക് അവരെ പരിചയവും ബന്ധവുമില്ല. ഒരു പിആർ ഏജൻസിയുമായും എനിക്കു ബന്ധമില്ല’. എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തിൽ വിശദീകരണം നൽകി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. പിആർ ഏജൻസിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിരുന്നില്ല. പത്രത്തിന്റെ വിശദീകരണം തള്ളിപ്പറയാൻ തയ്യാറാവാത്തതിൽ സിപിഐ ഉൾപ്പെടെ മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തിയുണ്ട്. എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റാത്തതും പൂരം കലക്കലിലും ഉൾപ്പെടെ പല വിഷയങ്ങളിലും നേരത്തെ തന്നെ സിപിഐ അതൃപ്തിയിലാണ്. വലിയ വിവാദമുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ഈ വിവാദങ്ങളുടെ വ്യാപ്തി കൂട്ടുന്നുവെന്ന നിലപാടാണ് സിപിഐക്ക്.
അതിനിടെ, മുഖ്യമന്ത്രിക്കും കെി ജലീലിനുമെതിരെ വിമർശനവുമായി വീണ്ടും പിവി അൻവർ രംഗത്തെത്തി. പാർട്ടി രൂപീകരിക്കുമ്പോൾ എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവക്കുമെന്ന് പിവി അൻവർ എംഎൽഎ. പോരാട്ടമാണ്, അതിൽ സ്ഥാനം വിഷയമല്ല. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കും. സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അൻവർ പറഞ്ഞു. തന്റെ പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച്ച പ്രഖ്യാപിക്കുമെന്നും അൻവർ അറിയിച്ചു.
കെടി ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്നും ജലീലിന് ഒറ്റക്ക് നിൽക്കാൻ ശേഷിയില്ലെന്നും അൻവർ പറഞ്ഞു. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് കെടി ജലീൽ പറയുമ്പോൾ ആരെങ്കിലും അദ്ദേഹത്തെ വെടി വെക്കുമെന്ന് പറഞ്ഞിരിക്കുമെന്നും അൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലമ്പൂർ ആയിഷയുടെ മനസ് തൻ്റെ കൂടെയാണ്. കണ്ണുരുട്ടി ഭീഷണിപ്പെടുത്തി നിലപാട് മാറ്റിക്കുകയാണ്. വീട്ടിൽ വന്ന് പിന്തുണ അറിയിച്ചതാണെന്നും അത് അങ്ങനെ തന്നെ ഉണ്ടാവുമെന്നും അൻവർ പറഞ്ഞു.
മലപ്പുറം സ്വർണക്കള്ളക്കടത്തിൻ്റെ കേന്ദ്രമെന്നും പണം ദേശദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കും ഓഫീസിനും മാത്രമാണ്. ഒരു സമുദായത്തെ മാത്രമാണ് അദ്ദേഹം ലക്ഷ്യം വച്ചതെങ്കിൽ ആരോപണം എല്ലാവരേയും ബാധിക്കില്ലേ. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം അതിനു തയ്യാറല്ലങ്കിൽ മാപ്പു പറയാനെങ്കിലും തയ്യാറാവണം. പി.ആറിൽ സി.പി.എമ്മിൽ നാൽപത് അഭിപ്രായങ്ങളുണ്ട്. പറയാൻ ആർക്കും ധൈര്യമില്ലാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിക്ക് പി.ശശിയേയും എം.ആർ.അജിത്ത് കുമാറിനേയും ഭയമാണ്. പാർട്ടിക്ക് പിണറായി വിജയനേയും പേടിയാണ്. ത്രിപുരയിലേക്കും പശ്ചിമ ബംഗാളിലേയും സ്ഥിതിയിലേക്കാണ് സി.പി.എം.പോകുന്നതെന്നും അൻവർ പറഞ്ഞു.
content highlight: pinarayi-vijayan-reacts-to-the-controversial-interview