പണത്തിനും ജീവിത സുഖങ്ങൾക്കും വേണ്ടി താൽക്കാലിക വിവാഹങ്ങൾ കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നെന്ന് റിപ്പോർട്ടുകൾ. വിനോദസഞ്ചാരികളെ തൃപ്തിപ്പെടുത്തുവാൻ വേണ്ടി ഹ്രസ്വകാല വിവാഹങ്ങളാണ് സ്ത്രീകൾ നടത്തുന്നത്. സഞ്ചാരികൾ തിരിച്ചുപോകുമ്പോൾ വിവാഹബന്ധം വേർപിരിക്കുകയും ചെയ്യുന്നു. എന്ത് വിചിത്രമാണല്ലേ.? കേൾക്കുമ്പോൾ കഥ പറയുന്നത് പോലെ തോന്നുന്നുണ്ടോ? എന്നാൽ ഇത് കഥയല്ല സത്യമാണ്. ഇന്തോനേഷ്യൻ ഗ്രാമങ്ങളിൽ ഇപ്പോൾ ഏജൻസി വഴിയാണ് സ്ത്രീകളെ പരിചയപ്പെടുത്തി ഇങ്ങനെയുള്ള വിവാഹം നടത്തി കൊടുക്കുന്നത്.
ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള യുവതികൾ പണത്തിന് പകരമായി ഹ്രസ്വകാല വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതാണ് ആനന്ദവിവാഹം( പ്ലഷർ മാര്യേജ്) എന്ന് പറയുന്നത്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിനോദസഞ്ചാരികളുമായാണ് വിവാഹം കൂടുതൽ നടക്കുന്നത്. അറബ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പ്രശസ്തമായ സ്ഥലമായ പൻകാക്കിൽ ഈ പ്രതിഭാസം വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കോട്ട ബുംഗയിലെ മൗണ്ടൻ റിസോർട്ടിൽ ഏജൻസികൾ നടത്തുന്ന താൽക്കാലിക വിവാഹങ്ങളിലൂടെ നിരവധി സന്ദർശകർ പ്രാദേശിക സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഏജൻസികളാണ് സ്ത്രീകളെ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നത്. രണ്ട് കക്ഷികളും സമ്മതിച്ചുകഴിഞ്ഞാൽ, പെട്ടെന്ന് തന്നെ, അനൗപചാരികമായ വിവാഹ ചടങ്ങ് നടത്തുന്നു. അതിനുശേഷം പുരുഷൻ സ്ത്രീക്ക് വധൂവില നൽകുകയും പകരമായി, വരന് പോകുന്നത് വരെ ലൈംഗികവും ഗാർഹികവുമായ സേവനങ്ങൾ വധു നൽകണം. വിനോദസഞ്ചാരി തിരികെ പോകുമ്പോൾ വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്യും. ആനന്ദ വിവാഹങ്ങൾ ലാഭകരമായ വ്യവസായമായി ഉയർന്നുവന്നിട്ടുണ്ടെന്നും ടൂറിസത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.