India

തിരുപ്പതി ലഡു വിവാദം പ്രത്യേക സംഘം അന്വേഷിക്കും ; പ്രഖ്യാപിച്ച് സുപ്രിംകോടതി

തിരുപ്പതി ലഡു വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രിംകോടതി. അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് കോടതി രൂപീകരിച്ചത്. സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻ്റെ മേൽനോട്ടത്തിലാണ് എസ്ഐടി പ്രവർത്തിക്കുക. ഇതിൽ രണ്ട് പേർ സിബിഐയിൽ നിന്നും രണ്ട് പേർ സംസ്ഥാന പൊലീസിൽ നിന്നും രണ്ട് പേർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരും ആയിരിക്കും.

വിഷയത്തിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ സാധ്യതയുള്ള ആരോപണങ്ങളുണ്ടെന്ന് പറഞ്ഞ സുപ്രിംകോടതി, എസ്ഐടി അന്വേഷണം സിബിഐ ഡയറക്ടർ നിരീക്ഷിക്കുമെന്നും വ്യക്തമാക്കി. “വെങ്കിടേശ്വര ക്ഷേത്രത്തിലെ കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങൾ ശാന്തമാക്കുന്നതിന് സംസ്ഥാന പൊലീസ്, സിബിഐ, എഫ്എസ്എസ്എഐ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന ഒരു സ്വതന്ത്ര എസ്ഐടി അന്വേഷണം നടത്തും”- ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഇതൊരു രാഷ്ട്രീയ നാടകമായി മാറാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. എസ്ഐടി അന്വേഷണത്തിന് കേന്ദ്ര സർക്കാരിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആന്ധ്രയിൽ ​ജ​ഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയും ടിഡിപി തലവനുമായ ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണത്തിനു പിന്നാലെയാണ് വിവാദം കൊഴുത്തത്.