തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയെ അനധികൃത നീക്കത്തിലൂടെ പിരിച്ചുവിട്ട സിപിഎമ്മിന് ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി കിട്ടിയെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. ഷാജിമോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണസമിതിക്കെതിരെ സിപിഎം ആരോപിച്ച കാര്യങ്ങളെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റും ഡയറക്ടര്‍മാരും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി പിരിച്ചുവിടല്‍ നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. 28ന് ചേര്‍ന്ന ബാങ്ക് പൊതുയോഗം സിപിഎം പ്രതിനിധികള്‍ അലങ്കോലമാക്കിയതിനെ തുടര്‍ന്ന് തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ബാങ്കില്‍ ഭരണ പ്രതിസന്ധിയുണ്ടെന്ന് കാണിച്ചാണ് ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡിലെ സര്‍ക്കാര്‍ നോമിനികളായ രണ്ടുപേരടക്കം മൂന്ന് സിപിഎം അംഗങ്ങളെ ഉള്‍പ്പെടുത്തി താല്‍ക്കാലിക ഭരണസമിതിയെ നിയോഗിക്കുകയും ചെയ്തു. ഈ നടപടിയാണ് ഹൈക്കോടതി ഉത്തരവിലൂടെ അസാധുവായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യം സംരക്ഷിക്കുന്ന നടപടിയാണ് കോടതിയില്‍ നിന്നുണ്ടായത്. വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള 3,500 കോടി രൂപയുടെ കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നതിനുള്ള പദ്ധതികളടക്കം അംഗീകാരം തേടുന്നതിനാണ് പൊതുയോഗം കൂടിയത്. വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചതും പൊതുയോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു. ഈ നടപടികളെല്ലാം മുന്നോട്ടു നീക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും നിലവില്‍ ഭരണപരമായ യാതൊരു പ്രതിസന്ധികളും ഇല്ലെന്നും സി.കെ ഷാജിമോഹന്‍ വ്യക്തമാക്കി. ഒരു നോട്ടീസ് പോലും നല്‍കാതെ അഡീഷണല്‍ രജിസ്ട്രാര്‍ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടതിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ട്. കരുവന്നൂര്‍, കണ്ടല തുടങ്ങിയ സഹകരണ ബാങ്കുകളില്‍ നടന്ന കോടികളുടെ കൊള്ളയ്ക്ക് സമാനമായി 35 കോടിയിലേറെ ലാഭമുള്ള കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ കൊള്ള നടത്തുകയായിരുന്നു ലക്ഷ്യം. 11 കോണ്‍ഗ്രസ് അംഗങ്ങളും സര്‍ക്കാര്‍ നോമിനികളായ രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്ന് സിപിഎം അംഗങ്ങളും മാത്രമുള്ള ഭരണസമിതിയെ പിരിച്ചുവിട്ടത് സിപിഎമ്മിന്റെ സംഘം പിടിച്ചെടുക്കല്‍ നയത്തിന്റെ ഭാഗമായാണ്. ഇതിന് സഹകരണ വകുപ്പും സര്‍ക്കാരും കൂട്ടുനിന്നു. കോണ്‍ഗ്രസ് ഭരണസമിതി അധികാരമേറ്റതിന് ശേഷം ഒരുയോഗത്തിലും പങ്കെടുക്കാത്ത സഹകരണ വകുപ്പിന്റെ ഉദ്യോഗസ്ഥന്‍ പിരിച്ചുവിടല്‍ നടപ്പാക്കാനായി അന്നേദിവസം ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തതിലും ദുരൂഹതയുണ്ടെന്നും വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രസിഡന്റ് ഷാജി മോഹന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി.എ നവാസ്, ഒ.ആര്‍ ഷീല, ടി.എം നാസര്‍, പി.കെ രവി, അനന്തകൃഷ്ണന്‍, നീലകണ്ഠന്‍, മുരളീധരന്‍ നായര്‍, അബ്ദുറഹിമാന്‍, ടി.എം കൃഷ്ണന്‍, ഫില്‍സണ്‍ മാത്യു തുടങ്ങിയവരും പങ്കെടുത്തു.