ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ഗൗ ഘട്ട് ആശ്രമം ക്ഷേത്രത്തിലെ കൃഷ്ണന്റേയും രാധയുടേയും അഷ്ടലോഹ വിഗ്രഹങ്ങൾ തിരികെയേൽപ്പിച്ച് അജ്ഞാതമോഷ്ടാവ്. കുറ്റസമ്മതപത്രികയോടെയാണ് വിഗ്രഹങ്ങൾ തിരികെയേല്‍പ്പിച്ചത്. പേടിസ്വപ്‌നങ്ങളും കുടുംബാംഗങ്ങളെ നിരന്തരം അലട്ടുന്ന ഗുരുതര രോഗങ്ങളുമാണ് വിഗ്രഹങ്ങള്‍ തിരികെയേല്‍പ്പിക്കാനുള്ള കാരണമായി മോഷ്ടാവ് വെളിപ്പെടുത്തിയത്.
മോഷണം നടന്ന് ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ക്ഷേത്രത്തിന്റെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിഗ്രഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. വിഗ്രഹങ്ങള്‍ക്കൊപ്പം ലഭിച്ച കത്തില്‍ നിന്നാണ് മോഷണത്തിന് ശേഷം ഉണ്ടായ ദുരനുഭവങ്ങളെപ്പറ്റി മോഷ്ടാവ് പറഞ്ഞിരുന്നത്. കൂടാതെ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ മോഷണം നടത്തിയതിന് മാപ്പ് നല്‍കണമെന്ന അപേക്ഷയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 23 നാണ് വിഗ്രഹങ്ങള്‍ മോഷണം പോയതായി ക്ഷേത്രപുരോഹിതനായ സ്വാമി ജയ്‌റാം ദാസ് മഹാരാജ് പരാതി നല്‍കിയതെന്ന് നവാബ്ഗഞ്ജ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ മിശ്ര പറഞ്ഞു.
‘മഹാരാജ് ജി പ്രണാമം, ഞാനൊരു വലിയ തെറ്റ് ചെയ്തു. കരുതിക്കൂട്ടിയല്ലാതെ കൃഷ്ണഭഗവാന്റേയും രാധയുടേയും വിഗ്രഹങ്ങള്‍ ഞാന്‍ മോഷ്ടിച്ചു. മോഷണം നടത്തിയതുമുതല്‍ പേടിസ്വപ്‌നങ്ങള്‍ കാണുന്നു. എനിക്കുറങ്ങാനോ കഴിക്കാനോ സമാധാനമായിരിക്കാനോ സാധിക്കുന്നില്ല. മാത്രമല്ല, കുറച്ചുപണത്തിനായി ഞാന്‍ ഈ മോഷണം നടത്തിയതിനു പിന്നാലെ എന്റെ മകനും ഭാര്യയും ഗുരുതരരോഗികളായി മാറിയിരിക്കുകയാണ്. വില്‍പന ലക്ഷ്യംവെച്ച് ഞാന്‍ വിഗ്രഹത്തിന് കേടുവരുത്തുകയും ചെയ്തു. പേക്കിനാവുകള്‍ കൊണ്ട് ഞാന്‍ മടുത്തിരിക്കുകയാണ്. നിങ്ങളുടെ സ്വത്ത് ഞാന്‍ മടക്കി നല്‍കുകയാണ്’ എന്നും മോഷ്ടാവ് കത്തിലൂടെ രേഖപ്പെടുത്തി.
STORY HIGHLIGHT: thief returns stolen idols with apology letter