സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മഹാരാഷ്ട്ര നിരവധി ട്രക്കിങ് സ്പോട്ടുകളാണ് നൽകുന്നത്. . അതിൽ ഒന്നാണ് നാസിക്കിലെ ത്രയംബകേശ്വർ ക്ഷേത്രത്തിന്ന് അടുത്തായി സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി കുന്നുകൾ. സമുദ്രനിരപ്പിൽ നിന്ന് 1298 മീറ്റർ ഉയരത്തിൽ നിലനിൽക്കുന്ന ബ്രഹ്മഗിരി പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നാണ്. ഈ കുന്നിന് മതപരമായ പ്രാധാന്യം ഉണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ നദികളിൽ ഒന്നായ ഗോദാവരിയുടെ ഉത്ഭവസ്ഥാനമാണ് ബ്രഹ്മഗിരി കുന്നുകൾ.
റോഡിൽ നിന്നാൽ ക്ഷേത്രവും അങ്ങകലെ മൂടൽമഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മല നിരകളും കാണാം. ട്രെക്കിങ് തുടങ്ങുന്ന ഭാഗത്തേക്ക് ത്രയംബകേശ്വർ ക്ഷേത്രത്തിന് അടുത്ത് നിന്ന് രണ്ടു കിലോമീറ്റർ ദൂരമുണ്ട്.
ബ്രഹ്മഗിരി കുന്നുകളുടെ മുകളിലേക്ക് എത്താൻ രണ്ടു വഴികളുണ്ട്. ഏകദേശം 800 പടികളുള്ള പരമ്പരാഗത പാതയും 200 പടികൾ മാത്രമുള്ള ഒരു ചെറിയ പാതയും ആണ് ഉള്ളത് .ദൂരെ പച്ചപ്പ് നിറഞ്ഞ കുന്നുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന ചെറുതും എന്നാൽ മനോഹരവുമായ വെള്ളച്ചാട്ടങ്ങൾ ഉണ്ട് . പടികൾ അവസാനിക്കാറാകുമ്പോൾ മുകളിൽ നിന്ന് വെള്ളം പാറയുടെ മേൽ പതിക്കുന്ന ശബ്ദം കേൾക്കാൻ കഴിയും. കയറി ചെല്ലുമ്പോൾ അടിത്തട്ടിൽ നിന്ന് കണ്ട വെള്ളച്ചാട്ടം ഇപ്പോൾ തൊടാവുന്നത്ര അടുത്താണ്.
വെള്ളച്ചാട്ടവും പ്രകൃതിയുടെ പച്ചപ്പും മൂടൽ മഞ്ഞും ഒത്തുചേരുന്ന സംഗമത്തിൽ, അകലെ നിന്ന് ഒഴിക്കിയെത്തുന്ന കാറ്റും, വെള്ളച്ചാട്ടത്തിൽ നിന്ന് പതിക്കുന്ന വെള്ളത്തുള്ളികളും
നിറഞ്ഞ കാഴ്ച ഏതോ മായാലോകത്ത് എത്തിച്ചേർന്ന അനുഭൂതി നൽകും.
പാറകൾ തുരന്നുള്ളതാണ് പടികൾ. അവിടെ കൈവരി കെട്ടിയിട്ടുണ്ട്, അതുകൊണ്ട് സുരക്ഷിതമാണ് നിരവധി കുരങ്ങൻമാർ ഇവിടെ ഉണ്ട്. ഇടയ്ക്ക് വിശ്രമിക്കാനും ദാഹം അകറ്റാനും ചെറിയ മാടക്കടകൾ മലമുകളിലുണ്ട്, പോകുന്ന വഴികളിൽ പലയിടത്തും ചെറിയ അമ്പലങ്ങൾ കാണാം, അവിടേയ്ക്ക് പ്രാർത്ഥനയ്ക്കായി എത്തുന്ന നിരവധി ഭക്തജനങ്ങളെയും നമുക്ക് കാണാം.
ഇനി ഞങ്ങളുടെ ലക്ഷ്യസ്ഥാനം ‘ ദർഗ ബന്ധർ ‘ എന്ന കുന്നിലേക്ക് ആണ്. ദൂരെ നിന്ന് നോക്കുമ്പോൾ ഒരു മലയിൽ നിന്ന് മറ്റൊരു മലയിലേക്ക് ഒരു നേർത്ത പാത കാണാം, രണ്ടു സൈഡും അഗാധമായ കൊക്കയാണ്. അവിടെയാണ് ദർഗ ബന്ധർ. അവിടേക്ക് പോകാൻ കുന്നുകൾക്ക് ഉള്ളിൽ പാറ തുരന്ന് ആണ് പടികൾ നിർമിച്ചിട്ടുള്ളത്. ശത്രു സൈന്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും പശ്ചിമഘട്ടത്തിലൂടെ കടന്നുപോകുന്ന വ്യാപാരപാതകളെ സംരക്ഷിക്കാനും കൂടിയാണ് ഇതുപോലെയുള്ള പാതകൾ ബ്രഹ്മഗിരി പോലെയുള്ള കുന്നുകൾക്കുള്ളിൽ പണിതിരിക്കുന്നത്. ഇവിടെ ഒരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാ. നിയന്ത്രിക്കാൻ ആരുമില്ല. അതുവഴിയുള്ള യാത്ര സ്വന്തം റിസ്കിൽ നടത്താൻ കഴിയുന്ന ഒന്ന് ആണ്.
story highlight; brahmagiri hills