മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖി മുംബൈയിൽ വച്ച് അക്രമികളുടെ വെടിയേറ്റ് മരിച്ചു. വയറ്റിലും നെഞ്ചിലും വെടിയേറ്റ അദ്ദേഹത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ബാന്ദ്രയിൽ വച്ച് കാറിൽ കയറുന്നതിനിടെയാണ് വെടിയേറ്റത്. തൂവാല കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു അക്രമികൾ. മൂന്ന് പേർ ഒരു ബൈക്കിൽ എത്തിയാണ് കൃത്യം നിർവഹിച്ചത്. അദ്ദേഹത്തിന്റെ ഓഫീസിന് സമീപമായിരുന്നു സംഭവം. നിലവിൽ പോലീസ് പിടികൂടിയവരിൽ ഒരാൾ ഹരിയാന സ്വദേശിയും മറ്റൊരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നാമനായി വ്യാപക തിരച്ചിൽ നടത്തുകയാണ് പോലീസ്. സംഭവത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും വേഗത്തിലുള്ള നടപടി ഉറപ്പാക്കുന്നതിനും മുംബൈ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തു.
ബാബ സിദ്ദിഖി ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽനിന്നു തുടർച്ചയായി മൂന്നു തവണ (1999, 2004, 2009) എംഎല്‍എയായിട്ടുണ്ട്. നിലവിൽ ബാന്ദ്ര ഈസ്റ്റിൽനിന്നുള്ള എംഎൽഎയാണ്. ഈ വർഷം ഫെബ്രുവരിയിലാണ് അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്.
STORY HIGHLIGHT: maharashtra ex minister baba siddique shot dead