ടെക്സാസ്: സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം സമ്പൂര്‍ണ വിജയം.സ്പേസ് എക്സ് പരീക്ഷണ പറക്കലിനിടെ അതിന്റെ ഏറ്റവും വലിയ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപിച്ചു. വിക്ഷേപണ ശേഷം അതിന്റെ ഒന്നാംഭാഗം ലോഞ്ച് പാഡിലേക്ക് തിരിച്ചിറക്കി. ഇത്രയും വലിയ റോക്കിന്റെ ഒരു ഭാഗം വീണ്ടെടുക്കുന്നത് ഇതാദ്യമായാണ്.
രണ്ടാംഭാഗം ബഹിരാകാശ യാത്രയ്ക്ക് ശേഷം തിരിച്ച് ഭൂമിയില്‍ പ്രവേശിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിയന്ത്രിത ലാന്‍ഡിംഗ് നടത്തി. ലോകത്തെ ഏറ്റവും കരുത്തേറിയ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. ഭാവി ചാന്ദ്ര ദൗത്യത്തിനും ചൊവ്വാ ദൗത്യത്തിനും ഉപയോഗിക്കാന്‍ പോകുന്ന റോക്കറ്റാണിത്.
റോക്കറ്റിന്റെ ഒന്നാം ഭാഗത്തെ വിജയകരമായി തിരികെ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു അഞ്ചാം പരീക്ഷണ വിക്ഷേപണത്തിലെ ലക്ഷ്യം, ഇതുതന്നെയായിരുന്നു വെല്ലുവിളിയും. ടെക്സസിലെ ബ്രൗണ്സ്വില്ലിലായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് പിന്നാലെ 7 മിനിറ്റിനുശേഷമാണു റോക്കറ്റിന്റെ ബൂസ്റ്റർ വിക്ഷേപണത്തറയില്‍ തിരിച്ചെത്തിയത്. 232 അടി (71 മീറ്റർ) നീളമുള്ളതാണ് ബൂസ്റ്റര്‍ ഭാഗം. ലോഞ്ച് പാഡിലെ ഭീമന് യന്ത്രകൈകളിലേക്കാണ് ബൂസ്റ്റര്‍ ഭാഗം ഇറങ്ങിച്ചെന്നത്.
ജൂണിലായിരുന്നു സ്റ്റാര്‍ഷിപ്പിന്റെ നാലാം പരീക്ഷണ വിക്ഷേപണം നടന്നത്. ഈ ദൗത്യത്തില്‍ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ഇരുഭാഗങ്ങളും കടലിൽ ഇറക്കാൻ സ്പേസ് എക്സിന് കഴിഞ്ഞിരുന്നു. പിന്നാലെയാണ് ഭൂമിയില്‍ തിരിച്ചുള്ള ലാന്‍ഡിങും വിജയം കൈവരിക്കുന്നത്. ബഹിരാകാശ വിനോദസഞ്ചാരത്തിനും ബഹിരാകാശത്തുനിന്ന് മടങ്ങുമ്പോൾ ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങുന്നതിലും നിര്‍ണായകമാണ് പരീക്ഷണ വിജയം. ഭാവിയില്‍ മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകാനുള്പ്പടെയുള്ള ദൗത്യങ്ങളിൽ സ്പേസ് എക്സ് ഉപയോഗിച്ചേക്കുക സ്റ്റാർഷിപ്പായിരിക്കും. 121 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പിന് 100 മുതൽ 150 ടൺ വരെ ഭാരമുള്ള വസ്തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകും.