പാലക്കാട്: ഫോണിലൂടെ ആരെയും ഭീഷണിപ്പെടുത്തുന്ന ആളല്ല താനെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ പറഞ്ഞത് കേട്ടിട്ടില്ല, എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മറുപടി പറയേണ്ടത് താനല്ല. കൂട്ടത്തിൽ ഒരാൾ പോകുമ്പോൾ വേദനയാണ്. സരിൻ പാർട്ടി വിടും വരെ അദ്ദേഹത്തിന് വേണ്ടി വാദിച്ച ആളാണ് താനിന്നും രാഹുല്‍ പറഞ്ഞു.
സരിന്‍ സുഹൃത്താണ്. ഒരു സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം പറയുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സൗഹൃദം മോശമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. വിവാദങ്ങള്‍ യുഡിഎഫ് വിജയത്തെ ബാധിക്കില്ല. ഞാൻ എനിക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാൾ വലിയ അല്പത്തം വേറെ ഇല്ല. പാർട്ടി എല്ലാത്തിനും മറുപടി നൽകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പാലക്കാട് ആദ്യമായെത്തിയ രാഹുലിന് വൻ സ്വീകരണമാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നൽകിയത്. തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പിൽ നഗരത്തിൽ രാഹുലിന്റെ റോഡ് ഷോയും നടന്നു. ജില്ലയിൽ മുതിർന്ന നേതാക്കൾക്കൊപ്പം മുൻ പാലക്കാട് എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും രാഹുലിനൊപ്പമുണ്ട്. പി. സരിൻ ഉയർത്തിയ ആരോപണങ്ങളിൽ നിന്നുണ്ടായ ക്ഷീണം മറികടക്കാൻ വലിയ തോതിൽ പ്രവർത്തകരെ കോൺഗ്രസ് രാഹുലിന്റെ റോഡ് ഷോയിലേക്ക് എത്തിച്ചിട്ടുണ്ട്.