Health

ഭക്ഷണത്തിനു ശേഷം ഉപയോഗിക്കാം ഒരു മൗത്ത് ഫ്രഷ്നർ; ഒരു നുള്ള് പെരുംജീരകം കഴിച്ച് നോക്കൂ പലതുണ്ട് ഗുണങ്ങൾ – benefits of chewing fennel seeds

ഭക്ഷണത്തിന് ശേഷം കുറച്ച് പെരും ജീരകം കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു

ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും പെരുംജീരകം ഒരു മൗത്ത് ഫ്രെഷനറായി നൽകുന്നതും ഉപയോഗിക്കുന്നതും നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. വാസ്തവത്തിൽ, ഭൂരിഭാഗം ഇന്ത്യൻ കുടുംബങ്ങളിലും ഭക്ഷണത്തിനു ശേഷം കുറച്ച് പെരുംജീരകം ചവയ്ക്കുന്നത് ഒരു പതിവുള്ള കാര്യമാണ്. എന്നാൽ പെരുംജീരകത്തിന് മറ്റ് പല ആരോഗ്യ ഗുണങ്ങളും അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവയുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. കൂടാതെ, പെരുംജീരക വിത്ത് ശക്തമായ ആന്റിഓക്‌സിഡന്റും, വീക്കം തടയുന്ന ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആൻറി ബാക്ടീരിയൽ സവിശേഷതയും അടങ്ങിയിട്ടുള്ള ഇവയിൽ കലോറിയും കുറവാണ്.

ഭക്ഷണശേഷം പെരുംജീരകം കഴിക്കുന്നത് കൊണ്ട് വായ്നാറ്റം അകറ്റാൻ ഗുണകരമാണ്. പെരും ജീരകത്തിലെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ വായ് നാറ്റം അകറ്റുകയും വായ എപ്പോഴും ഫ്രഷായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ പെരും ജീരകം ബീറ്റാ കരോട്ടിനാൽ സമ്പന്നമാണ്. ഇവ ടൈപ്പ് 2 പ്രമേഹരോ​ഗികളിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

സ്ത്രീകളിലെ ആർത്തവ വേദനയും വയറുവേദനയും കുറയ്ക്കാൻ പെരുംജീരകം സഹായിക്കുന്നു. ആർത്തവ സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇത് കുറയ്ക്കുന്നു. പെരും ജീരകത്തിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോന്യൂട്രിയന്റുകൾ കാണപ്പെടുന്നു. ഇത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

പെരുംജീരക വിത്തുകളുടെ ശക്തമായ ആന്റി സ്പാസ്മോഡിക്, കാർമിനേറ്റീവ് സവിശേഷതകൾ വായുകോപം, നെഞ്ചെരിച്ചിൽ, വയർ വീക്കം, ഐ.ബി.എസ്, ജി.ഇ.ആർ.ഡി തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ ഭക്ഷണത്തിന് ശേഷം കുറച്ച് പെരും ജീരകം കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.

STORY HIGHLIGHT: benefits of chewing fennel seeds