പോത്തൻകോട് വാവറയിൽ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശി അമൃതയാണ് പൂർണവളർച്ച എത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ കുഴിച്ചിട്ട് നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ്എടി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് സംഭവ വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ദിവസമാണ് അമൃതയും ഭർത്താവ് ഗണേഷും ബന്ധു നരേന്ദ്രൻ ജോലി ചെയ്യുന്ന ഫാം ഹൗസിലെത്തിയത്. നരേന്ദ്രനും ഗണേഷും പുറത്തുപോയപ്പോഴാണ് അമൃത പ്രസവിച്ചത്. പിന്നീട് കുട്ടിയെ കുഴിച്ചിട്ടു. പൂർണവളർച്ചയെത്താതെ പ്രസവിക്കുന്ന കുട്ടികളെ നേപ്പാളിലെ ആചാരപ്രകാരം കുഴിച്ചിടാറുണ്ടെന്നാണ് അമൃത പോലീസിന് നൽകിയ മറുപടി.
എസ്എടി ആശുപത്രിയിലെ ഡോക്ടർമാർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പോലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്നലെ രാത്രി എട്ട് മണിക്കാണ് പ്രസവിച്ചതെന്ന് യുവതി മൊഴി നൽകി. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: body of child found buried in vavara in pothencod