നല്ല ആരോഗ്യത്തിന് നല്ല ഉറക്കം കൂടിയേ തീരൂ. നീ എന്തിനാ ഉറക്കത്തിന് ഇടയിൽ ഞെട്ടുന്നതെന്ന് കൂടെ കിടക്കുന്ന ആൾ ചോദിക്കുമ്പോഴായിരിക്കാം നമ്മൾ ഉറക്കത്തിൽ ഞെട്ടുന്നുണ്ടെന്ന് അറിയുന്നത് തന്നെ. ഉറക്കത്തിൽ സംഭവിക്കുന്ന ഒരു വിചിത്രമായ പ്രക്രിയയാണ് ഹിപ്പ്നിക്ക് ജെർക്ക് അഥവാ ഞെട്ടൽ. അഗാതമായ ഉറക്കത്തിനിടെ പെട്ടെന്നുള്ള കുലുക്കം അല്ലെങ്കിൽ താഴേക്ക് വീഴുന്ന പോലെയുള്ള തോന്നൽ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ ഹിപ്പ്നിക്ക് ജെർക്ക് ഉണ്ടാകുന്നത്.
എന്താണ് ഹിപ്പ്നിക്ക് ജെർക്ക്?
ഒരു വ്യക്തി ഉറങ്ങുമ്പോൾ സംഭവിക്കുന്ന ഒന്നോ അതിലധികമോ പേശികളുടെ സ്വമേധയാ ഉള്ള പിരിമുറുക്കമാണ് ഹിപ്നിക് ജെർക്ക്. നമ്മുടെ ബ്രെയിൻ ഉണർന്നിരിക്കുന്ന അവസ്ഥയിൽ നിന്ന് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോളാണ് ഇത് സംഭവിക്കുന്നത്. മയോക്ലോണസ് എന്നറിയപ്പെടുന്ന ഒരു തരം അനിയന്ത്രിതമായ പേശി ചലനമാണ് ഹിപ്നിക് ജെർക്കുകൾ. മാത്രമല്ല മയോക്ലോണസിന്റെ മറ്റൊരു സാധാരണ രൂപമാണ് എക്കിൾ എടുക്കുന്നതും. ഉറക്കത്തിൽ സംഭവിക്കുന്ന ഒരു സാധാരണ പ്രക്രിയയാണിത്. പക്ഷെ എല്ലാ സമയത്തും ഉറങ്ങുമ്പോൾ ഇത് സംഭവിക്കണമെന്നില്ല.
കാരണങ്ങൾ
പേശികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന വലിച്ചില്‍ ആണ് ഇത്തരത്തില്‍ ഹിപ്‌നിക്ക് ജെര്‍ക്ക് അല്ലെങ്കില്‍ ഉറക്കത്തിനിടയില്‍ ഞെട്ടല്‍ ഉണ്ടാകുന്നതിന് കാരണം. ചിലര്‍ക്ക് ഇത് ഉറക്കത്തിനിടയില്‍ ആയിരിക്കും ഉണ്ടാകുന്നത്. സാധാരണഗതിയില്‍ കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ പ്രശ്‌നം അമിതമായി കണ്ടുവരുന്നത്. പ്രധാനമായും ഞെട്ടലിന്റെ കാരണങ്ങള്‍ കടുത്ത ക്ഷീണവും ഉറക്കക്കുറവും, കിടക്കുന്നതിന് മുന്‍പ് ചെയ്യുന്ന വ്യായാമം, കഫേയ്ന്‍ അടങ്ങിയ ആഹാരങ്ങള്‍ അമിതമായി കിടക്കുന്നതിന് മുന്‍പ് കഴിക്കുന്നത്, സ്‌ട്രെസ്സ്, അമിതമായിട്ടുള്ള ആകാംഷ എന്നിവയാണ്. ഇത്തരം പ്രശ്‌നം പലരിലും കണ്ടുവരുന്നുണ്ടെങ്കിലും ഇത് അപകടകാരിയല്ല.
ഉറക്കത്തിലുണ്ടാകാവുന്ന ഞെട്ടൽ ഒഴിവാക്കാൻ നല്ല വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഉറങ്ങുക എന്നത് വളരെ പ്രധാനമാണ്. അതുപോലെ നല്ലപോലെ ഉറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍വരെ ഉറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. ഇതും ഹിപ്പ്‌നിക്ക് ജെര്‍ക്ക് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.
STORY HIGHLIGHT: the causes and reasons behind hypnic jerk