നമ്മളിൽ പലർക്കും ശരീരത്തിൻ്റെ പല ഭാഗത്തും നീർക്കെട്ട് സാധാരണയായി ഉണ്ടാകാറുണ്ട്. ഇങ്ങനെ കണ്ടാൽ ഉടനെ ചൂടുപിടിക്കുക, കുഴംബ് തേക്കുക, ആവിപിടിക്കുക മുതലായ കാര്യങ്ങളാണ് ചെയ്യാറുള്ളത്. എന്നാൽ ഈ നീർക്കെട്ട് ശരീരത്തിൽ ഉണ്ടാകാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് നമ്മൾ ആരും അന്വേഷിക്കാറില്ല. നീർക്കെട്ട് നമ്മുടെ ശരീരത്തിലെ മറ്റു പല രോഗത്തിൻ്റെയും ലക്ഷണം ആകുവാൻ സാധ്യത വളരേ കൂടുതലാണ്. കാലിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാകുന്ന നീര് പല രോഗങ്ങളുടെയും ലക്ഷണമായി കാണാം. ഇതില്‍ പലതും ഗുരുതരമായ രോഗങ്ങളാണ്. ഹൃദയം, കരൾ, വൃക്കകൾ, തൈറോയ്ഡ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ മൂലവും ചില മരുന്നുകൾ, പോഷകാഹാരക്കുറവ് എന്നിവ മൂലവും ശരീരത്തിൽ നീര് വരാറുണ്ട്.
ഹ്രസ്വനേരത്തേക്കുള്ള നീര്‍ക്കെട്ട് ശരീരം സ്വയം സുഖപ്പെടുന്ന പ്രക്രിയയുടെ ഭാഗമായതിനാല്‍ ഭയപ്പെടേണ്ടതില്ല. എന്നാൽ ഈ നീര്‍ക്കെട്ട് ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതാണെങ്കിൽ ക്രോണിക് ഇന്‍ഫ്‌ളമേഷനിലേക്കും പലവിധം ഗുരുതര പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം, പ്രമേഹം, മറവിരോഗം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലം ശരീരത്തിലെ മാറാത്ത നീര്‍ക്കെട്ട് കാരണമാകാം.
വൃക്കയുടെ തകരാറുമൂലം ഉണ്ടാകുന്ന നീര് പാദങ്ങളിൽ കാണുന്നതിനൊപ്പം കണ്ണിനു ചുറ്റും വീക്കവും ഉണ്ടാക്കും. നിയന്ത്രണത്തിലല്ലാത്ത പ്രമേഹം, രക്താതിമർദം എന്നിവയാണ് വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുന്ന പ്രധാനരോഗങ്ങൾ. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യം മൂലമുണ്ടാകുന്ന നീര് മറ്റു കാരണങ്ങൾ കൊണ്ടുണ്ടാകുന്ന നീരിനെക്കാൾ ലഘുവും വളരെ സാവധാനം ഉണ്ടാകുന്നതും ആകയാൽ പലപ്പോഴും ശ്രദ്ധയിൽ പെടാറില്ല. ഹൃദ്രോഗികളിലും നീര് വരാം. ഹൃദയത്തിന്റെ പമ്പിംഗില്‍ ഉണ്ടാകുന്ന തകരാറ് കാരണം നീര് ഉണ്ടാകുന്നു.
ചിലതരം ഭക്ഷണക്രമങ്ങള്‍ ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിപ്പിക്കുമ്പോള്‍ ചിലതരം ഭക്ഷണങ്ങള്‍ ഇവയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ബേക്ക് ചെയ്‌ത ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, അമിതമായി പഞ്ചസാര ചേര്‍ത്ത വിഭവങ്ങള്‍, റെഡ് മീറ്റ്, സംസ്‌കരിച്ച മാംസം എന്നിവയെല്ലാം നീര്‍ക്കെട്ട് കൂട്ടുന്ന ഘടകങ്ങളാണ്. അകാരണമായി ശരീരത്തിലുണ്ടാകുന്ന നീർക്കെട്ട് ഗൗരവത്തോടെ കാണേണ്ടതും വൈദ്യസഹായം തേടേണ്ടതുമായ ഒന്നാണ്.
STORY HIGHLIGHT: swelling in body parts could be sign of severe disease