വയനാട് പനമരത്ത് പോലീസ് പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ് തന്‍റെ സങ്കടം വിവരിച്ച് ഫേസ്ബുക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. അതേസമയം, പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് കമ്പളക്കാട് പോലീസ് നൽകിയ വിശദീകരണം.
നല്ല വിഷമം ഉണ്ടെന്നും മരിക്കാൻ പോവുകയാണെന്നുമാണ് രതിൻ വീഡിയോയിൽ പറയുന്നത്. സുഹൃത്തുമായി സംസാരിച്ചതിന് പൊലീസ് പോക്സോ കേസെടുത്തുവെന്നും രതിൻ വീഡിയോയിൽ ആരോപിച്ചു. നിരപരാധിയാണെന്ന് തെളിഞ്ഞാലും മറ്റുള്ളവര്‍ ആ കണ്ണിലൂടെയെ കാണുകയുള്ളു. ആരോടും പരാതിയില്ല. നിരപരാധിയാണോ എന്ന് പോലീസിന് ചോദിക്കാമായിരുന്നുവെന്നും രതിൻ വീഡിയോയിൽ പറയുന്നുണ്ട്.
എന്നാൽ ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചത് ആളുകള്‍ ചോദ്യം ചെയ്യുകയും തര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. തുടർന്ന് പൊതുസ്ഥലത്ത് ബഹളം വെച്ചതിന് കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രതിനെ കാൺമാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് രതിന്‍റെ മൃതദേഹം പനമരം പുഴയിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ, പൊലീസ് ഭീഷണിപ്പെടുത്തിയതാണ് മരണത്തിന് കാരണമെന്ന് രതിന്‍റെ ബന്ധുക്കൾ ആരോപിച്ചു.
STORY HIGHLIGHT: young man committed suicide accusing police implicating him pocso case