പ്രകൃതിയുടെ ഉൾക്കാഴ്ചകൾ തേടി പോകാൻ ആഗ്രഹിക്കാത്ത സഞ്ചാരികളില്ല. ബഹളങ്ങളോ വാഹനങ്ങളുടെ ഹോണടികളോ ഒന്നുമില്ലാതെ, പ്രകൃതിയും നിങ്ങളും മാത്രമുള്ള ഒരിടം. പറഞ്ഞുവരുന്നത് ശിരുവാണിയെക്കുറിച്ചാണ്. അണക്കെട്ടും വെള്ളച്ചാട്ടവും കാടും പുറംലോകം അധികമൊന്നും എത്തിപ്പെട്ടിട്ടില്ലാത്ത ഇടങ്ങളും കണ്ടു വരാന്‍ അവസരം ഒരുക്കുന്നത് വനംവകുപ്പാണ്. ആറു വർഷക്കാലത്തെ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രം വനംവകുപ്പ് സന്ദര്‍ശകർക്കായി തുറക്കുകയാണ്. ശിരുവാണി മലനിരകളുടെ കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന യാത്രയിൽ അപൂർവ്വങ്ങളായ നിരവധി കാഴ്ചകളാണ് കാത്തിരിക്കുന്നത്. 2012 ൽ ആണ് ശിരുവാണിയിൽ എക്കോ ടൂറിസം ആരംഭിക്കുന്നത്. പിന്നീട് 2018 ലെ പ്രളയത്തിൽ ഇവിടുത്തെ റോഡ് തകർന്നതോടെ ടൂറിസം നിർത്തിവയ്ക്കുകയായിരുന്നു.
വനഭംഗിയാണ് ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നതെങ്കിലും അത് കൂടാതെ വേറെയും നിരവധി കാഴ്ചകൾ ഇവിടെ ആസ്വദിക്കാനുണ്ട്. ശിരുവാണി നദിക്കു കുറുകെ നിർമിച്ച ശിരുവാണി അണക്കെട്ട് , ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച, പട്യാർ ബംഗ്ലാവ്, പുല്ലുകൾ നിറഞ്ഞ മനോഹര കാഴ്ചയുള്ള, കേരള- തമിഴ്നാട് അതിർത്തിയായ കേരളമേട്, മുത്തിക്കുളം വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാട്യാർ ബംഗ്ലാവ് കാണേണ്ട കാഴ്ച തന്നെയാണ്. മൂന്നു മുറികളാണ് ഇവിടെയുള്ളത്. എന്നാൽ ഇവിടെ താമസിക്കണമെങ്കില്‍ മുന്കൂട്ടിയുള്ള ബുക്കിങ് വേണം.
ഭക്ഷണം അവരവർ തയ്യാറാക്കുകയാണ് വേണ്ടത്. ഇതിനാവശ്യമായ സാധനങ്ങളും സന്ദര്‍ശകർ കരുതണം. പാലക്കയം എന്ന സ്ഥലത്തു നിന്നാണ് ശിരുവാണിയിലേക്ക് തിരിയുന്നത്. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ഇടക്കുറുശി ശിരുവാണി ജങ്ഷൻ വഴിയും കൂടാതെ കാഞ്ഞിരപ്പുഴ അണക്കെട്ട് റോഡ് വഴിയും പാലക്കയത്ത് എത്താം. ഇവിടുന്ന് 16 കിലോമീറ്റർ ദൂരമുണ്ട് ശിരുവാണിയിലേക്ക്. ഹെയർപിൻ റോഡുകൾ ഉൾപ്പെടെ കയന്ന് വേണം എത്താൻ.
STORY HIGHLLIGHTS : siruvani-eco-tourism-reopens-to-public-from-november-1