പലതരത്തിലുള്ള തലവേദനകളിൽ ഗുരുതര സ്വഭാവമുള്ള തലവേദന ഏതാണെന്ന് അറിഞ്ഞാൽ മാത്രമേ കൃത്യമായി ചികിത്സിക്കാൻ കഴിയൂ. തലച്ചേറിലുള്ള മുഴകൾ ഉൾപ്പെടെ മറ്റ് പല രോഗങ്ങളുടെയും പ്രധാന ലക്ഷണമാണ് തലവേദന. ദീർഘകാലമായി തലവേദനയുണ്ടെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. പ്രകൃതം മാറാത്ത ഒരേ തീവ്രതയിലുള്ള തലവേദന വലിയൊരു രോഗത്തിന്റെ ലക്ഷണമായേക്കില്ല. അതേ സമയം ഒരുപാട് നാൾ നീണ്ടു നിൽക്കുന്ന തലവേദനയുടെ പ്രകൃതം പെട്ടെന്ന് മാറി കടുത്ത തലവേദനയാവുകയോ കാരണങ്ങളില്ലാതെ കഠിനമായ തലവേദന വരികയോ ചെയ്താൽ അത് വളരെ ഗൗരവമേറിയ അവസ്ഥയായിരിക്കാമെന്ന് ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു. നെറ്റിയ്ക്ക് ഇരുവശങ്ങളിലും തലയുടെ പിറകിലും കൺപോളകളുടെ വശങ്ങൾ ചേർന്നും തലമുഴുവനായും അങ്ങനെ പലരീതിയിൽ തലവേദന കാണപ്പെടാറുണ്ട്. എന്നാൽ തലവേദനയുടെ സ്ഥാനം വെച്ച് രോഗം നിർണയിക്കാനാകില്ല.
പെട്ടെന്ന് ശക്തമായ തലവേദന വരികയും തലപൊട്ടിപ്പോകുന്ന തരത്തിൽ തോന്നുകയും ചെയ്യുന്നത് തലച്ചേറിനുള്ളിൽ രക്തസ്രാവം ഉണ്ടെന്നതിന്റെ സൂചനയാണ്. അതുതന്നെ പലരീതിയിലുള്ള രക്തസ്രാവമാകാം. രക്തസമ്മർദം (ബി.പി) ഉയർന്ന് രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥ. തലച്ചോറിന്റെ രക്തക്കുഴലുകളുടെ പ്രശ്നം കൊണ്ടും തലവേദനയുണ്ടാകാം. ഇത് വളരെ കഠിനമായിരിക്കും. ഈ അവസ്ഥയാണ് സബരെക്നോയ്ഡ് ഹെമറേജ്(SUBARACHNOID HEMORRHAGE). ചെറിയ ക്ഷതങ്ങൾ മൂലം ഉണ്ടാകുന്നതാണ് ക്രോണിക് സബ്ഡൂണൽ ഹെമറ്റോമ (CHRONIC SUBDURAL HEMATOMA). തല എവിടെയെങ്കിലും തട്ടി ആഴ്ചകൾ കഴിഞ്ഞശേഷമായിരിക്കാം ഇത്തരം ശക്തി കുറഞ്ഞ തലവേദനകൾ അനുഭവപ്പെടുന്നത്. ഇത് പിന്നീട് മാസങ്ങൾകൊണ്ട് ശക്തി കൂടി വരാം. ഇതിനൊപ്പം തന്നെ ഓർമക്കുറവ്, കൈക്കോ കാലിനോ ബലക്കുറവ്, അപസ്മാരം, സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക തുടങ്ങിയവയും ക്രോണിക് സബ്ഡൂണൽ ഹെമറ്റോമയിൽ കാണാറുണ്ട്. തലമുഴുവനായുള്ള വേദന, ഉറക്കത്തിൽ നിന്ന് തലവേദനയോട് കൂടി ഉണരുന്ന അവസ്ഥ, തലക്ക് പിറകിലുള്ള വേദന തുടങ്ങിയവയൊക്കെ തലച്ചോറിലെ മുഴയുടെ ലക്ഷണങ്ങളാണ്. ഏറ്റവും സാധരണയായി വരുന്ന തലവേദനകളിൽ ഒന്നാണ് മൈഗ്രൈൻ. രോഗം പെട്ടെന്ന് മനസിലാക്കുകയും കൃത്യമായി മരുന്ന് കഴിക്കുകയും ചെയ്യുക എന്നതുമാത്രമാണ് ഇതിനുള്ള ശാശ്വത പരിഹാരം. പക്ഷെ ഈ മരുന്നകുൾ ദീർഘകാലം കഴിക്കേണ്ടി വന്നേക്കാം.
ദീർഘകാലമായി ഉള്ള തലവേദനയുടെ പ്രകൃതം പെട്ടെന്ന് മാറി കഠിനമാവുകയാണെങ്കിൽ തീർച്ചയായും ചികിത്സ തേടണം. തലവേദനയോടൊപ്പം ച്ഛർദിൽ വരുന്ന അവസ്ഥയിലും വിദഗ്ധ അഭിപ്രായം തേടണം.