റാഗി, മുത്താറി തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ചെറുധാന്യമണികളാണ് റാഗി. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ധാരാളമായി അടങ്ങിയതിനാൽ ചെറിയകുഞ്ഞുങ്ങൾക്ക് കുറുക്ക് ഉണ്ടാക്കാനും അത്യുത്തമം. പറഞ്ഞാൽ തീരാത്തത്ര ഗുണങ്ങളുള്ള റാഗികൊണ്ട് പ്രഭാതഭക്ഷണമായി കഴിക്കാവുന്ന സ്മൂത്തി എളുപ്പത്തിൽ തയ്യാറാക്കാം.
രണ്ട് ടേബിൾ സ്പൂൺ റാഗിപ്പൊടിയിൽ കാൽ ഗ്ലാസ് വെള്ളം ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. ചെറിയ ചൂടിൽ കുഞ്ഞുങ്ങൾക്ക് കുറുക്ക് ഉണ്ടാക്കുന്ന പാകത്തിൽ റാഗി മിശ്രിതം നന്നായി കുറുക്കിയെടുക്കുക. നന്നായി തണുത്ത ശേഷം അൽപ്പം എലക്കാപ്പൊടിയും 4 ഈന്തപ്പഴവും ഒരു നേന്ത്രപ്പഴത്തിന്റെ പകുതിയും ചേർത്ത് നന്നായി അരച്ചെടുക്കുക. രുചികരമായ റാഗി സ്മൂത്തി ഇങ്ങനെയാണ് തയ്യാറാക്കുന്നത്. സ്വാദ് അൽപ്പംകൂടി കൂട്ടണം എന്നുള്ളവർക്ക് ഒരു ആപ്പിൾ, ബദാം എന്നിവ കൂടി ചേർക്കാം. ക്ഷീണം മാറാനും, ശരീരത്തിന്റെ നിറം വർധിക്കാനും ഒക്കെ വളരെയധികം നല്ലതാണ് ഈ റാഗി സ്മൂത്തി.