കൊല്ലം ജില്ലയിലെ കടയ്ക്കൽ ആറ്റുംപുറത്താണ് മാറ്റിടാംപാറയെന്ന മനോഹരസ്ഥലം. പാറയുടെ മുകളിൽ കയറുക എന്നത് അല്പം സാഹസികമാണ്. പക്ഷെ മുകളിൽ കയറിപ്പറ്റിയാൽ പിന്നെ കാണുന്ന അത്ഭുതക്കാഴ്ചയുടെ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മണ്ണും കല്ലും അടുക്കിവെച്ചപോലൊരു ഭാഗം ഈ മാറ്റിടാംപാറയിലുണ്ട്. പാറയുടെ മുകളിൽ കയറുന്ന ഓരോരുത്തരും അടുക്കിവെച്ച ഈ പാറകൾക്കുമുകളിൽ വീണ്ടും പാറ അടുക്കി വച്ചിട്ടാണ് തിരികെ ഇറങ്ങുന്നത്. അതിപ്പോള്‍ മാറ്റിടാംപാറ കുന്നിന് മുകളിൽ കയറുന്നവരുടെയെല്ലാം ഓർമകൾ നിറഞ്ഞ മനോഹരമായ ഒരു കൂമ്പാരം ആയിട്ടുണ്ട്.
വളരെ ശക്തിയിലാണ് പാറയ്ക്ക്മുകളിൽ കാറ്റ് വീശുക. സാഹസികത ഇഷ്ടപെടുന്നവര്‍ക്ക് ആസ്വദിക്കാൻ പറ്റിയ കിടിലൻ സ്ഥലം തന്നെയാണ് മാറ്റിടാംപാറ. പാറയ്ക്ക് മുകളിൽ കയറുന്നതിനായി രണ്ട് ഘട്ടങ്ങൾ ഉണ്ടെന്നുതന്നെ പറയാം. ആദ്യ കടമ്പ എല്ലാവർക്കും വളരെ എളുപ്പത്തിൽ കയറാം, അപ്പോൾ മാറ്റിടാംപാറയുടെ പകുതിയിലെത്താം. അവിടെ പടവുകൾ സഹിതം കല്ലിൽ കൊത്തിവെച്ച മനോഹരമായ കുളം കാണാം. അത് കഴിഞ്ഞുള്ള കയറ്റം സാഹസികത നിറഞ്ഞതാണ്. ആ കയറ്റം അത്രപെട്ടെന്ന് കയറാൻ എല്ലാവർക്കും കഴിയില്ല. അൽപം പ്രയാസപ്പെട്ടാണെങ്കിലും മുകളിൽ കയറിയാൽ നിരവധി സുന്ദരകാഴ്ചകൾ ആസ്വദിക്കാം. ഈ മനോഹരമായ പാറ മാത്രമല്ല മാറ്റിടാംപാറയിലുള്ളത്. ഇതിനോട് അനുബന്ധമായി നിരവധി പാറക്കൂട്ടങ്ങളും ഗുഹകളും ഒക്കെയുള്ള ഈ സ്ഥലത്തെ കടയ്ക്കലിന്റെ ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റിയാൽ കൂടുൽ ആളുകൾക്ക് മാറ്റിടാംപാറയെ കാണാനും ആസ്വദിക്കാനും കഴിയും.