Travel

ശ്രീ പത്മനാഭപുരം കൊട്ടാരത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം…

ശീ പത്മനാഭപുരം കൊട്ടാരം എന്നുകേള്‍ക്കുമ്പോള്‍ പണ്ട് സ്‌കൂളില്‍ നിന്നും വിനോദയാത്രയായി കൊണ്ട് പോയ സ്ഥലം എന്നതിനാല്‍ ആ കൊട്ടാരം ഇപ്പോഴും മനസ്സിലുണ്ട്. എന്നാല്‍ അപ്പോള്‍ വലിയ കൊട്ടാരം എന്നതുമാത്രമെ ആ കാഴ്ച കൊണ്ട് മനസ്സിലായുള്ളൂ. എന്നാല്‍ കൊട്ടാരത്തിന്റെ ചരിത്രം പഠിക്കുമ്പോള്‍ മനസ്സിലാകുന്നു ആ കൊട്ടാരത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന്.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ തക്കലയില്‍ നിന്നും 2 കിലോമീറ്റര്‍ കിഴക്കായിട്ടാണ് പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്. എ. ഡി. 1592 മുതല്‍ 1609 വരെ തിരുവിതാംകൂര്‍ ഭരിച്ച ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് എ. ഡി. 1601 -ല്‍ പത്മനാഭപുരം കൊട്ടാരനിര്‍മ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാരവളപ്പില്‍ സ്ഥിതിചെയ്യുന്നു. തമിഴ് നാട്ടിലെ വല്ലി നദി കൊട്ടാരത്തിന്റെ സമീപത്തുകൂടി കടന്നു പോകുന്നു. കൊട്ടാരത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കി നടത്തുന്നത് കേരളാ സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പാണ്. 1741-ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷമാണ് മാര്‍ത്താണ്ഡവര്‍മ്മ രാജാവ് ഇന്നു കാണുന്ന രീതിയില്‍ കൊട്ടാരം പുതുക്കി പണിതത്. അതുപോലെ തന്നെ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ തെങ്കാശിക്ക് അടുത്തുള്ള കുറ്റാലം കൊട്ടാരവും കേരളത്തിന്റെ കൈവശമാണ്.

പദ്മനാഭപുരം കൊട്ടാരത്തിലെ പൂമുഖ മാളികയിലെ തൂണിന്മേല്‍ ഒറ്റത്തടിയില്‍ നിര്‍മ്മിച്ച തിരിയുന്ന വളയവും മറ്റ് അലങ്കാരപ്പണികളും. പത്മനാഭപുരം കൊട്ടാരസമുച്ചയത്തിനുള്ളില്‍ അനവധി അനുബന്ധമന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇവ വിവിധകാലങ്ങളിലായി വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി വിവിധരാജാക്കന്മാരാല്‍ പണികഴിക്കപ്പെട്ടവയാണ്. ഒറ്റപ്പെട്ട മന്ദിരങ്ങള്‍, അവയോട് ചേര്‍ന്നുള്ള വെട്ടിത്തൊടുത്തുകള്‍, വികസനങ്ങള്‍, പരിഷ്‌കാരങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവയാണ് ഈ പണികള്‍. കെട്ടിടങ്ങളുടെ പരസ്പരബന്ധം, നിര്‍മ്മാണഘടന, സന്ദര്‍ശകന്റെ സഞ്ചാരപഥം എന്നിവയെ അടിസ്ഥാനപ്പെടുത്തി പത്മനാഭപുരം കൊട്ടാരസമുച്ചയത്തില്‍ ഉള്‍പ്പെട്ട മന്ദിരങ്ങളെ താഴെപറയും വിധം തരം തിരിച്ചിരിക്കുന്നു.

കൊട്ടാരത്തിന്റെ നടമാളികയിലെ നടവാതിലിലൂടെ അകത്തുകടന്നാല്‍ കാണുന്നതാണ് പൂമുഖമാളിക. ദീര്‍ഘചതുരാകൃതിയിലുള്ള നടയ്ക്ക് പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന മുഖപ്പോടുകൂടിയ ഈ ഇരുനിലകെട്ടിടത്തില്‍ പൂമുഖം, മന്ത്രശാല, നാടകശാല, മണിമേട എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. പത്മനാഭപുരം കൊട്ടാരത്തിലെത്തുന്ന അതിഥികളെ മഹാരാജാവ് സ്വീകരിച്ചിരുന്ന സ്ഥലമാണ് പൂമുഖം. കേരളീയ വാസ്തുശില്പശൈലിയില്‍ നിമ്മിച്ച ഈ മന്ദിരത്തിന് ത്രികോണാകൃതിയിലുള്ള കവാടമാണുള്ളത്. മനോഹരമായി കൊത്തുപണികള്‍ ചെയ്ത, തടി കൊണ്ടുണ്ടാക്കിയ മേല്‍ത്തട്ടില്‍ വ്യത്യസ്തങ്ങളായ 90 പൂക്കള്‍ കൊത്തിവച്ചിരിക്കുന്നു. അത്യപൂര്‍വ്വമായ കുതിരക്കാരന്‍ വിളക്കും, ഏഴു കഷ്ണം കരിങ്കല്ലുകൊണ്ടു നിര്‍മ്മിച്ച കട്ടിലും, ചീനക്കാര്‍ മഹാരാജാവിന് സമ്മാനിച്ച ചീനകസേരയും ഇവിടെയുണ്ട്. പൂമുഖത്തിന്റെ മുന്‍വശത്തായി, ദാരുശില്‍പ്പങ്ങള്‍ കൊത്തിവയ്ക്കപ്പെട്ട മൂന്നു മുഖപ്പുകളുണ്ട്. തടിയില്‍ കടഞ്ഞെടുത്ത അശ്വാരൂഢരായ രണ്ട് രാജവിഗ്രഹങ്ങള്‍ സന്ദര്‍ശകര്‍ക്ക് സ്വാഗതമോതുന്നു. ഇതിനുപുറമേ, പൂമുഖത്തിന്റെ മറ്റൊരു കരിങ്കല്‍ത്തൂണില്‍ ഒരു വൃദ്ധന്റെ രൂപം കൊത്തിവച്ചിരിക്കുന്നു.

പൂമുഖത്തിന്റെ കിഴക്കേ ചായ്പ്പാണ് നാടകശാല എന്നറിയപ്പെടുന്നത്. പൂമുഖത്തില്‍ നിന്നും കിഴക്കോട്ടുള്ള വാതിലും, അവിടെ നിന്നും തെക്കോട്ട് ഇറങ്ങുന്ന പടിക്കെട്ടും കഴിഞ്ഞാല്‍ വിശാലമായ നാടകശാലയിലെത്തുന്നു. എന്നാല്‍ പൂമുഖത്ത് കാണുന്നതുപോലെ ചിത്രപ്പണികളോ, ശില്‍പ്പങ്ങളോ നാടകശാലയിലില്ല. പൂമുഖത്തിന്റെ മുകലിലത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന മുറിയാണ് മന്ത്രശാല. ഇവിടെ മന്ത്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത് രാജ്യഭരണത്തെയാണ്. മഹാരാജാവ് ഭരണപരമായ തീരുമാനങ്ങള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് എടുത്തിരുന്നത് ഇവിടെ വച്ചാണ്. ദാരു ശില്‍പ്പകലാ വൈഭവത്തില്‍ മുന്നിട്ടുനില്‍ക്കുന്നവയാണ് മന്ത്രശാലയിലെ തട്ടും, തുലാങ്ങളും. ഒരു മുഖപ്പ് മാത്രമുള്ള മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകളുണ്ട്. ഇതിന്റെ പാളികളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള അഭ്രപാളികള്‍ പിടിപ്പിച്ചിരിക്കുന്നു. ചൈനീസ് മാതൃകയില്‍ പണിതിട്ടുള്ള ഇരിപ്പിടങ്ങള്‍ കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

മന്ത്രശാലയുടെ വടക്കുഭാഗത്തായാണ് മണിമാളിക സ്ഥിതിചെയ്യുന്നത്. കൊട്ടാരത്തില്‍ സമയമറിയാനാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. മണിമേടയുടെ മുന്‍വശത്ത് കമനീയമായ ഒരു മുഖപ്പ് ഉറപ്പിച്ചിട്ടുണ്ട്. മണിമേടയുടെ പുരോഭാഗം കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഉയരമുള്ള മണിമാളികയില്‍ ഭാരത്തിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന നാഴികമണി തദ്ദേശീയനായ ഒരു കൊല്ലനാണ് നിര്‍മ്മിച്ചത്. ഇതിന്റെ മണിനാദം മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേള്‍ക്കാം

പൂമുഖമാളികയുടെ പടിഞ്ഞാറ് ഭാഗത്തായി എല്‍ ആകൃതിയില്‍ സ്ഥിതിചെയ്യുന്ന ഇരുനിലകെട്ടിടമാണ് പ്ലാമൂട്ടില്‍ ചാവടി. പൂമുഖമാളികയുടെ രണ്ടാം നിലയുടെ തറനിരപ്പിനേക്കാള്‍ താഴ്ന്ന തരനിരപ്പുള്ളതാണ് ഈ മന്ദിരം. പൂമുഖത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പ്ലാമൂട്ടില്‍ ചാവടിയുടെ രണ്ടാം നിലയിലേക്ക് കടക്കുവാനായി ഒരു പാലം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. പ്ലാമൂട്ടില്‍ ചാവടിയുടെ രണ്ടാം നിലയില്‍ ഒരു ചെറിയ മുറിയും, രണ്ട് വലിയ മുറികളുമാണ് ഉള്ളത്.

പ്ലാമൂട്ടില്‍ ചാവടിക്ക് വടക്കും പടിഞ്ഞാറും ഭാഗങ്ങളിലായി സ്ഥിചിതെയ്യുന്ന എല്‍ ആകൃതിയിലുള്ള ഇരുനിലകെട്ടിടമാണ് വേപ്പിന്‍മൂട് കൊട്ടാരം. ഇതില്‍ പള്ളിയറയും, അതോടനുബന്ധിച്ച് കരിങ്കല്ലു കൊണ്ടുള്ള ശൗചാലയവും ഉണ്ട്. മണിമേടയുടെ വടക്കേ അരിക് മുതല്‍ ഉപ്പിരിക്കമാളികയ്ക്ക് സമാന്തരമായി തായ്കൊട്ടാരത്തിന്റെ പടിഞ്ഞാറേ അരിക് വരെ വ്യാപിച്ചുകിടക്കുന്ന വേപ്പിന്മൂട് കൊട്ടാരത്തില്‍നിന്നും ഉപ്പിരിക്കമാളികയിലേക്ക് മൂന്നു വാതിലുകളും പാലങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.

പത്മനാഭപുരം കൊട്ടാരസമുച്ചയത്തിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരമാണ് ദര്‍ഭക്കുളങ്ങര കൊട്ടാരം എന്നുകൂടി പേരുള്ള തായ്കൊട്ടാരം. എ. ഡി. 1592 മുതല്‍ എ. ഡി. 1610 വരെ വേണാട് ഭരണാധികാരിയായിരുന്ന രവിവര്‍മ്മ കുലശേഖരപ്പെരുമാളിന്റെ കാലത്താണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. നാലുകെട്ട് മാതൃകയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരത്തിലെ ഏകാന്തമണ്ഡപത്തിന് നിരവധി സവിശേഷതകളുണ്ട്. മനോഹരമായ കൊത്തുപണികളോടെ, വരിക്കപ്ലാവില്‍ തടിയില്‍ നിര്‍മ്മിച്ച കന്നിത്തൂണ്‍ ഇവിടെ കാണാം. ഒറ്റത്തടിയില്‍ കൊത്തിയിരിക്കുന്ന ശില്പ്പങ്ങളും, തൊങ്ങലുകളും, വളയങ്ങളും കേരളീയ ദാരുശില്പ വൈഭവം വിളിച്ചോതുന്നു. ദേവീ പ്രീതിക്കായി കളമെഴുത്തും പാട്ടും ഈ ഏകാന്തമണ്ഡപത്തില്‍ വച്ചാണ് നടത്തിയിരുന്നത്. ആപല്‍ഘട്ടങ്ങളില്‍ രക്ഷാമാര്‍ഗ്ഗമായി ഉപയോഗിക്കുന്നതിനായി തായ്കൊട്ടാരത്തിന്റെ നടുമുറ്റത്തോട് നടുമുറ്റത്തില്‍ നിന്നാരംഭിക്കുന്ന തുരങ്കപ്പാത ഇവിടെനിന്നും ഒരു കിലോമീറ്ററിലധികം അകലെയുള്ള ചാരോട് കൊട്ടാരം വരെ എത്തുന്നു.