മുണ്ടക്കൈ – ചൂരല്‍മലയില്‍ സര്‍ക്കാര്‍ നിയമപരമായി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഘട്ടത്തില്‍ ഒന്നും പറയുന്നില്ല വിശദമായ പരിശോധന നടത്താന്‍ വിജിലന്‍സിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാകട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് പഴയ സാധനങ്ങള്‍ നല്‍കിയത് മേപ്പാടി പഞ്ചായത്താണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ദുരന്തത്തിന്റെ തുടക്കത്തില്‍ തന്നെ പഴയ സാധനങ്ങള്‍ ദുരിതബാധിതര്‍ക്ക് നല്‍കരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. പാവപ്പെട്ടവരെ സഹായിക്കലാണോ, എന്തെങ്കിലും ചെയ്യുന്നു എന്ന് വരുത്തി തീര്‍ത്ത് അതിന്റെ മേന്മ നേടുന്നതിനാണോ എന്നാണ് മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയുടെ ചോദ്യം.
ഒട്ടേറെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന നാടാണ് കേരളം. ഒരു ദുരന്തം വരുമ്പോള്‍ മറ്റൊന്നും തടസ്സമായി നിന്നു കൂടാ. ആ ഒരു വികാരത്തോടെയാണ് ഐക്യബോധത്തോടെയാണ് നാടും ജനങ്ങളും പ്രതികരിച്ചത്. മുണ്ടെകൈ ദുരന്തം വന്നപ്പോള്‍ എല്ലാവരും ഒന്നിച്ചു നിന്നു. അവരെ സഹായിക്കാന്‍ ഉദാരമദികള്‍ രംഗത്തുവന്നു. അന്ന് സര്‍ക്കാര്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. വസ്ത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോഗിച്ച് പഴയ വസ്ത്രങ്ങള്‍ ആരും അയക്കേണ്ടതില്ല എന്ന് അന്നു പറഞ്ഞു. അത് ആ മനുഷ്യരോടുള്ള കരുതലിന്റെ പുറത്താണ് പറഞ്ഞത്. നാം ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രം ധരിക്കേണ്ടവരല്ല അവര്‍.അവര്‍ക്ക് മാന്യമായ വസ്ത്രധാരണത്തിനുള്ള അവസ്ഥ ഉണ്ടാകണം. ഉപയോഗിച്ച വസ്ത്രങ്ങള്‍ അയക്കരുത് എന്ന് അന്ന് പറഞ്ഞത് അതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറയുന്നു.
സഹായം നല്‍കുന്നതിനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഒരുക്കി. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് എത്തിയ സഹായങ്ങള്‍ വിലകുറച്ചു കാണേണ്ടതില്ല. ഇപ്പോള്‍ ഉണ്ടായ സംഭവം ആശ്ചര്യകരമായതാണ്. ഒരു പഴയതും കൊടുക്കാന്‍ പാടില്ലെന്ന പറഞ്ഞ ഗവണ്‍മെന്റിന്റെ ഭാഗമായി നില്‍ക്കേണ്ട പ്രാദേശിക സര്‍ക്കാര്‍ ആണ് പഴയ വസ്ത്രങ്ങള്‍ വിതരണം ചെയ്തു എന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് അന്വേഷിക്കണം. നിയമപരമായി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. എന്തായിരുന്നു അതിന്റെ ഉദ്ദേശം. എങ്ങനെ ഈ പഴയ സാധനങ്ങള്‍ എത്തി. അതെല്ലാം പരിശോധനയിലൂടെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.