മഴക്കാലത്ത് ദൃശ്യവിരുന്നൊരുക്കുന്ന ഒരു കിടിലൻ സ്ഥലമാണ് തൊടുപുഴയിലെ പ്രശസ്തമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിനു ഒരു കിലോമീറ്റർ അകലെയുള്ള ആനയടിക്കുത്ത് വെള്ളച്ചാട്ടം. ആനചാടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. സാധാരണക്കാരുട വീഗാലാൻഡ് ആണ് ഇവിടം എന്നാണ് പ്രദേശവാസികൾ പറയുന്നത്. മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം. ഈ പേരിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. പണ്ട് രണ്ട് ആനകൾ ചേർന്ന് ഇവിടെയൊരു അടിപിടി നടന്നു. അതിൽ ഒരാന കാൽവഴുതി വെള്ളത്തിൽവീണ് ചരിഞ്ഞു. അങ്ങനെ ആന ചാടിയ ഇടം ആനയടിക്കുത്ത് എന്നറിയപ്പെടുന്നു എന്നതാണ് കഥ. കഥ എന്ത് തന്നൊയായാലും സ്ഥലം കിടിലമാണ്. പ്രകൃതി സ്നേഹികളും, ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്. അപകടം കൂടാതെ നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും ഇവിടെ കുളിക്കുവാൻ സാധിക്കും എന്നുമാത്രമല്ല ഫാമിലിയായി പോകാനും പറ്റിയ ഇടം. ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് ഈ വെള്ളച്ചാട്ടം. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ,മലകളുടെ സൗന്ദര്യം ആസ്വദിച്ച് പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ്.
ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയടിക്കുത്തിലെത്താം. കുറച്ച് വർഷങ്ങൾ മുമ്പുവരെ അധികം ആർക്കും ഇവിടം അത്ര പരിചിതമായിരുന്നില്ല. എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയവഴി കേട്ടറിഞ്ഞ് പലരും ആനയടിക്കുത്തിൽ എത്താറുണ്ട്. തൊടുപുഴ – കരിമണ്ണൂർ – മുളപ്പുറം – തേക്കിൻകൂട്ടം വഴി ചെന്നെത്തുന്നത് തൊമ്മൻകുത്ത് ജംഗ്ഷനിലാണ്. അവിടെ നിന്നും ഇടത്തേയ്ക്ക് പോയി ഒരു വളവിനു ശേഷം വലത്തേയ്ക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം പോയാൽ മനോഹരമായ ആനയാടിക്കുത്തിലെത്താം. ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവരാണെങ്കിൽ ഈ വെള്ളച്ചാട്ടത്തിനടുത്തായി തൊമ്മൻകുത്ത് വെള്ളച്ചാട്ടവും കാറ്റാടിക്കടവ് വ്യൂ പോയിന്റുമെല്ലാം കണ്ടു മടങ്ങാം.