രോഗിക്കെന്ന് പറഞ്ഞ് ബക്കറ്റുമായി വീടുകള്‍ കയറി പിരിവ് നടത്തുന്ന നാല്‍വര്‍ സംഘം. രോഗിക്കെന്ന് പറഞ്ഞ് ജീപ്പില്‍ കറങ്ങി നടന്നാണ് ഇവര്‍ ബക്കറ്റുമായി എത്തുന്നത്. കൈപ്പറ്റുന്ന സംഭാവനയ്ക്ക് രസീത് പോലും നല്കാതെയുള്ള പിരിവില്‍ നാട്ടുകാര്‍ക്ക് സംശയം തോന്നി ചോദ്യം ചെയ്തതോടെ സംഘം മുങ്ങി. പണപ്പിരിവ് നടത്തിയ നാല്‍വര്‍ സംഘത്തിന്റെ ഇടപെടലില്‍ സംശയം തോന്നിയതോടെയാണ് നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തത്.
മലപ്പുറം തിരുനാവായ പഞ്ചായത്തിലെ കൈത്തക്കര പള്ളി പരിസരത്ത് ബക്കറ്റുമായി വീടുകള്‍ കയറി പിരിവ് നടത്തിയിരുന്ന സംഘത്തെയാണ് നാട്ടുകാര്‍ സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തത്. സംഘടനക്ക് റജിസ്ട്രേഷനുണ്ടോ, പിരിവെടുക്കാന്‍ റസീപ്റ്റുണ്ടോ എന്നൊക്കെ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി കിട്ടാത്തതിനാല്‍ നാട്ടുകാര്‍ കല്പകഞ്ചേരി പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വരുമെന്ന് അറിഞ്ഞതോടെ സംഘം തടിതപ്പുകയായിരുന്നു.
താനൂരിലെ ഒരു രോഗിക്കെന്നും പറഞ്ഞാണ് ജീപ്പിലെത്തിയ സംഘം പണപ്പിരിവ് നടത്തിയിരുന്നത്. ഈയിടെയായി ഇത്തരം തട്ടിപ്പുസംഘങ്ങള്‍ തിരുനാവായ, തൃപ്രങ്ങോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ എത്തുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പലയിടത്തും ആളുകള്‍ ചോദ്യം ചെയ്യുമ്പോള്‍ തിരിച്ചു പോവാറാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നത്.