കേരളത്തിലെ പ്രധാന ഗുഹാക്ഷേത്രങ്ങളിൽ ഒന്നാണ് മടവൂർപ്പാറ ഗുഹാക്ഷേത്രം. തിരുവനന്തപുരം ജില്ലയിൽ പോത്തൻകോടിനും ചെമ്പഴന്തിക്കും ഇടയിലാണ് മടവൂർപ്പാറ സ്ഥിതിചെയ്യുന്നത്. ആയിരം വർഷത്തോളം പഴക്കമെങ്കിലും മടവൂർപ്പാറ ഗുഹാക്ഷേത്രത്തിന് ഉണ്ടെന്നാണ് കരുതപ്പെടുന്നത്. പല്ലവ കാലഘട്ടത്തിന്റെ ശേഷിപ്പുകൾ ഇവിടെ വന്നാൽ കാണാൻ കഴിയും. ചെങ്കോട്ടുകോണം ആശ്രമത്തിന്റെ അധീനതയിലുളള വളരെ പുരാതനമായ സംസ്കാരം വിളിച്ചോതുന്ന ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ പുറത്തുനിന്ന് ഒരു കല്ലുപോലും കൊണ്ടുവന്നിട്ടില്ലത്ര. സമുദ്ര നിരപ്പിൽ നിന്ന് 300 അടി ഉയരത്തിലാണ് മടവൂർപ്പാറ സ്ഥിതിചെയ്യുന്നത്. ഒൻപതാം നൂറ്റാണ്ടിലെ പാറയിൽ വെട്ടിയ ശിവക്ഷേത്രത്തിൽ നിന്നാണ് ചരിത്രം തുടങ്ങുന്നത്. നിലവിൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള ശിലാക്ഷേത്രത്തിൽ പുരാതന മലയാള ലിപികളുമുണ്ട്. ക്ഷേത്ര പരിസരത്ത് തന്നെ ഒരിക്കലും വറ്റാത്ത ഗംഗാ തീർത്ഥം എന്നുവിളിക്കുന്ന മനോഹരമായ ഒരു കുളവുമുണ്ട്. പുരാവസ്തുപരവും സാംസ്കാരികപരവും ചരിത്രപരവുമായി നിരവധി പ്രധാന്യങ്ങളുള്ള ഈ ക്ഷേത്രം ഗവേഷകരുടെ ഇഷ്ട ഇടമാണ്. ഒറിസ്സയിലെ ഖണ്ഡഗിരി- ഉദയഗിരി ജൈന സംസ്കാരങ്ങളോട് താരതമ്യപ്പെടുത്താവുന്നതും സമാനതകളുള്ളതുമാണ് ഈ ക്ഷേത്രം. ശാന്തമായ മടവൂർക്ഷേത്രത്തിലെത്തി കുറച്ചുനേരം സമയം ചിലവഴിച്ചാൽ തന്നെ മനസിന് നല്ല കുളിർമ ലഭിക്കും. മലമുകളിലെ 100 മീറ്റർ നീളമുള്ള മുളപ്പാലം, പാറയ്ക്ക് മുകളിലെ മുളങ്കാടുകൾ, പച്ചപ്പ്നിറഞ്ഞ ചുറ്റുപാടുകളുമെല്ലാം കാഴ്ചക്കാരെ ആകർഷിക്കും. ഇതിനൊക്കെപ്പുറമെ കുട്ടികളെ ആകർഷിക്കുന്ന ഒരു കുഞ്ഞുപാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്.