Travel

മലമുകളിലെ വിസ്മയമായി കേരളാംകുണ്ട്  വെള്ളച്ചാട്ടം

പച്ചപ്പിന് നടുവിൽ തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിക്കാൻ ഒരു കിടിലൻ സ്ഥലം നോക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ ഉറപ്പായും പോകേണ്ട ഒരു സ്ഥലമാണ് മലപ്പുറം ജില്ലയിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം. മലയോരമേഖലയായ കരുവാരകുണ്ടിലെ കല്‍കുണ്ടിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ആധുനികതയുടെ കടന്നു കയറ്റങ്ങൾ എത്തിയിട്ടില്ലാത്ത തികച്ചുംഗ്രാമീണമായ അന്തരീക്ഷമാണ് ഇവിടെ. ഒലിപ്പുഴയുടെ ഉൽഭവമാണ് കൽകുണ്ട് വെള്ളച്ചാട്ടം. കരുവാരകുണ്ട് ടൗണിൽ നിന്നും ആറുകിലോമീറ്റർ അകലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. കുറച്ച് ഓഫ് റോഡിംഗും ഒരു ചെറിയ ട്രെക്കിംഗും നടത്തണം ഈ സ്ഥലത്തെത്താൻ. ജീപ്പ് യാത്രയാണ് ഏറ്റവുംസുഖകരം. മൂന്നു കിലോമീറ്ററോളം ടാര്‍ ചെയ്തറോഡ് ഉണ്ട്. പിന്നെ കല്ലു പാകിയ റോഡാണ്. കല്‍കുണ്ട് അട്ടിയില്‍ എത്തിയാല്‍ റോഡിന്കുറുകെ കാട്ടരുവി ഒഴുകുന്നുണ്ട്. ഇവിടെവാഹനം നിര്‍ത്തി വെള്ളച്ചാട്ടം ആരംഭിക്കുന്നസ്ഥലത്തേക്ക് നടക്കാം.

 

സൈലന്റ് വാലി ബഫർ സോണിലെ കാട്ടരുവികളിൽ നിന്നും എത്തുന്ന ജലമാണ് കേരളാംകുണ്ടിൽ ഉള്ളത്. പശ്ചിമഘട്ടത്തിലെ ഹരിത വനങ്ങളിൽ നിന്ന് ഒഴുകുന്ന വെള്ളം വെള്ളച്ചാട്ടത്തിൻ്റെ അടിത്തട്ടിൽ ഒരു സ്ഫടിക ശുദ്ധമായ കുളം സൃഷ്ടിക്കുന്നു. 150 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളത്തിന് നിരവധി ഔഷധ ഗുണങ്ങളുണ്ടെന്നും പഴമക്കാർ പറയുന്നു. മനോഹരമായ ഒരു കാഴ്ച മാത്രമല്ല, ജൈവവൈവിധ്യത്താൽ സമ്പന്നവുമാണ് ഇവിടം. പലതരത്തിലുള്ള പച്ചമരുന്നുകളും ഇവിടെ ഉണ്ട്. ഊട്ടിയോട് സമാനമായ കാലാവസ്ഥയാണ് ഇവിടെ. പ്രകൃതിസൗന്ദര്യം നിറഞ്ഞ മലമടക്കുകള്‍ നിറഞ്ഞതാണ് ഈ സ്ഥലം. ദൈനംദിന ജീവിതത്തിൻ്റെ തിരക്കുകളിൽ നിന്ന് അകന്നു നിൽക്കുന്നതിനാൽ തന്നെ ഒരു ദിവസം എല്ലാം മറന്ന് ഉല്ലസിക്കാൻ കേരളാംകുണ്ട്  വെള്ളച്ചാട്ടത്തിലേക്ക് പോകൂ.