മഞ്ഞ് പെയ്യുന്ന മലനിരകളും പച്ചവിരിച്ച നിത്യഹരിത വനങ്ങളും കോഴിക്കോട് വയലടയിലെ സുന്ദര കാഴ്ചകളാണ്. കോടമഞ്ഞുള്ള പ്രഭാതവും സൂര്യാസ്മയവും ആവോളം ആസ്വദിക്കണമെങ്കിൽ ഇവിടെയെത്തിയാൽ മതി. എപ്പോഴും കോടമഞ്ഞും തണപ്പും ഉള്ളതുകൊണ്ട് കോഴിക്കോടിന്റെ ഗവിയെന്നാണ് വയലട അറിയപ്പെടുന്നത്. പ്രകൃതിയുടെ സൗന്ദര്യവും കുളിര്‍ക്കാറ്റും ആസ്വദിച്ച് മലകയറാം. മുകളിലെത്തിയാൽ പിന്നെ കാണുനാണുള്ളത് അവിസ്മരണീയ കാഴ്ചകളാണ്. മുകളിലത്തെ ഒറ്റപ്പാറയിലിരുന്ന് കക്കയം, പെരുവണ്ണാമൂഴി അണക്കെട്ടുകളും നോക്കത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പും ആസ്വദിക്കാം.
ഒറ്റപ്പാറയിൽ നിന്നുള്ള ആകാശ കാഴ്ചയും അതിമനോഹരം തന്നെ. ഫോട്ടോ ഷൂട്ടുകൾക്ക് ഉചിതമായ ഇടമാണിവിടം. അധികം അറിയപ്പെടാത്ത ഒരിടമായിരുന്ന വയലടയെ പ്രശസ്തമാക്കിയത് സോഷ്യൽമീഡിയയാണ്. ഇതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ വരവും വർധിച്ചു. ഒരു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്ത് വരുന്നവർക്ക് വയലടയ്ക്ക് അടുത്തുള്ള മറ്റ് സ്ഥലങ്ങളും സന്ദർശിക്കാം. കരിയാത്തുംപാറയും കക്കയം ഡാമും ഉരൽക്കുഴികൾ തീർത്ത വെള്ളച്ചാട്ടത്തിലേക്കും എത്താൻ ഇവിടെ നിന്നും അധികം ദൂരമില്ല.
കോഴിക്കോട് നിന്ന് ബാലുശേരി വഴിയും താമരശേരി നിന്ന് എസ്റ്റേറ്റ് മുക്കിലൂടെ തലയാട് വഴിയും വയലട വ്യൂപോയിന്റിലെത്താം.