”വേണ്ടത്ര പണം തന്റെ ജോലിയില്‍ നിന്നും കിട്ടാതായതോടെ കുടുംബത്തെ സഹായിക്കാന്‍ എനിക്ക് പണം വേണമായിരുന്നു. അതിനാണ് കൊലപാതകം നടത്തിയത്” എന്‍സിപി (അജിത് പവാര്‍) നേതാവ് ബാബാ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയും ആക്രി വ്യാപാരിയുമായ ശിവ കുമാര്‍ ഗൗതം പൊലീസിനോട് വെളിപ്പെടുത്തിയതിങ്ങനെ. ജോലി തേടി ഉത്തര്‍പ്രദേശില്‍നിന്ന് പുണെയിലെത്തിയ ശിവ കുമാര്‍ കുടുംബത്തെ സഹായിക്കാനാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. സഹോദരന്മാരുടെ പഠനത്തിനും സഹോദരിമാരുടെ കല്യാണത്തിനും പണം സമ്പാദിക്കാനാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ശിവകുമാര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ശിവ കുമാറിന്റെ പേരില്‍ മറ്റു കേസുകളില്ല. പിതാവ് കര്‍ഷകനാണ്. നാല് വര്‍ഷം മുന്‍പാണ് ജോലി തേടി പുണെയിലെത്തിയത്. രണ്ടു മാസം മുന്‍പ് ശിവ കുമാര്‍ തന്റെ നാട്ടുകാരനായ ധര്‍മരാജ് കാശ്യപിനെ കണ്ടുമുട്ടി. ധര്‍മരാജാണ് ശിവ കുമാറിനെ ലോറണ്സ് ബിഷ്ണോയി സംഘത്തിന് പരിചയപ്പെടുത്തിയത്.
സമൂഹമാധ്യമം വഴി ലോറന്‍സ് ബിഷ്ണോയ്യുടെ സഹോദരന് അന്മോല് ബിഷ്ണോയ്യുമായി ശിവ കുമാര്‍ സംസാരിച്ചു. സിദ്ദിഖിയെ വധിച്ചാല്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് അന്മോല് വാഗ്ദാനം ചെയ്തു. വിദേശ നിര്‍മിത തോക്ക് ബിഷ്ണോയ് സംഘം നല്കി. യുട്യൂബ് വിഡിയോകള്‍ കണ്ടാണ് തോക്ക് ഉപയോഗിക്കാന്‍ പരിശീലിച്ചത്. കൃത്യതയുള്ള ഷൂട്ടറായതിനാലാണ് സിദ്ദിഖിയെ വധിക്കാന്‍ ശിവ കുമാറിനെ തിരഞ്ഞെടുത്തത്. ധര്‍മരാജും ഗുര്‍മെയില്‍ സിങും അനുഗമിച്ചു. രണ്ടു മാസത്തോളം ഇവര്‍ ബാബാ സിദ്ദിഖിയെ നിരീക്ഷിച്ചു. സമൂഹമാധ്യമം വഴിയാണ് ഓപ്പറേഷന് നിയന്ത്രിച്ചത്. ആറു തവണ സിദ്ദിഖിക്കുനേരെ നിറയൊഴിച്ചു. മൂന്നു വെടിയുണ്ടകള്‍ ദേഹത്ത് തറച്ചു. കൊലപാതകത്തിനുശേഷം സംഘം രക്ഷപ്പെട്ടു. മറ്റു പ്രതികള്‍ പിടിയിലായെങ്കിലും ശിവകുമാര്‍ ഒളിവില്‍ തുടര്‍ന്നു.
കൊലപാതകത്തിനു മുന്‍പും ശേഷവും ഉപയോഗിക്കാന്‍ രണ്ട് സിം കാര്‍ഡുകള്‍ ശിവ കുമാറിനു ബിഷ്ണോയ് സംഘം നല്‍കിയിരുന്നു. 25,000 രൂപ മുന്‍കൂറായും നല്കി. കൊലപാതകത്തിനുശേഷം ശിവ കുമാര്‍ ഝാന്‍സിയിലേക്കും ഡല്‍ഹിയിലേക്കും ഹിമാചല്‍ പ്രദേശിലേക്കും പോയി. ശിവ കുമാറിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 45ഓളംപേര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നാലുപേരെ ശിവ കുമാര്‍ സ്ഥിരമായി ഫോണില്‍ ബന്ധപ്പെടുന്നതായി കണ്ടെത്തി. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് പൊലീസ് പിടികൂടുകയായിരുന്നു. ഒക്ടോബര്‍ 12നാണ് ബാബാ സിദ്ദിഖിയെ വധിച്ചത്. ബാന്ദ്രയില്‍ മകന്റെ ഓഫിസിനു മുന്നില്‍നിന്ന് കാറില്‍ കയറുന്നതിനിടെയാണ് വെടിയേറ്റത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖി ഈ വര്‍ഷം ആദ്യമാണ് അജിത് പവാര്‍ പക്ഷത്ത് ചേര്‍ന്നത്.