സാഹസികയാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഇടുക്കിയിലെ മേട്ടുക്കുഴിമെട്ടിലേക്ക് ഒരു യാത്ര പോയിരിക്കണം. കട്ടപ്പന നഗരത്തിലെ അഞ്ചുരുളി, കല്യാണത്തണ്ട്, കാൽവരിമൗണ്ട് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ആസ്വദിക്കാറുണ്ടെങ്കിലും പലർക്കും അത്ര പരിചിതമല്ല മേട്ടുക്കുഴിമെട്ട് വ്യൂ പോയിന്റ്. മേട്ടുക്കുഴിമെട്ടിലെ സായാഹ്നങ്ങളും അസ്തമയക്കാഴ്ചയുമാണ് ഏറെ സുന്ദരം. അമ്പലക്കവലയിലെത്തി അവിടെനിന്ന് മാലി റോഡിലൂടെ സഞ്ചരിച്ചാൽ മേട്ടുക്കുഴിമെട്ടിലേക്കുള്ള വഴി കാണാം. റോഡ് വളരെ മോശമായതിനാൽ കയറിപ്പറ്റുക എന്നത് അൽപം പ്രയാസമാണ്. ഓഫ് റോഡ് ജീപ്പില്ലെങ്കിൽ കൂട്ടുകാരുമായി കളിചിരിപറഞ്ഞ് നടന്നുകയറാം.
അരകിലോമീറ്ററിലധികം നടന്നുകയറാൻ ഉണ്ട്. കുറച്ചുദൂരം മുന്നിലേക്ക് നടന്നെത്തുമ്പോൾ ഒരാൾപൊക്കത്തിൽ ഉയർന്നു നിൽക്കുന്ന പുൽക്കൂട്ടങ്ങൾ കാണാം. ഫോട്ടോയെടുക്കാനൊക്കെ ഈ സ്ഥലം മികച്ചതാണ്. പുൽക്കാടുകൾക്ക് നടുവിലൂടെ നോക്കിയാൽ തലയുയർത്തി നിൽക്കുന്ന പാറക്കൂട്ടങ്ങൾ കാണാം. ഈ പാറക്കൂട്ടങ്ങളിൽ കയറിനിന്നാൽ കാണുന്ന ഹൈറേഞ്ചിലെ ഏലമലക്കാടുകളുടെ ആകാശക്കാഴ്ച ഡ്രോൺ ചിത്രങ്ങൾപോലെ തോന്നിക്കും. മുഴുവൻ സമയവും വീശിയടിക്കുന്ന തണുത്തകാറ്റ് സഞ്ചാരികൽക്ക് ഹരം പകരും. മെട്ടിൽനിന്ന് നോക്കിയാൽ കട്ടപ്പന നഗരത്തിന്റെ മുഴുവൻ ദൃശ്യങ്ങളും കാണാം. കൂടാതെ ഇടുക്കി ആർച്ച് ഡാം, മൂന്നാർ ഗ്യാപ്പ് റോഡിന്റെ ഭാഗങ്ങൾ എന്നിവയും കാണാം.