Travel

കാടിൻ്റെ വന്യത ആസ്വദിച്ച് ജാനകിക്കാട്ടിലേക്ക് ഒരു യാത്ര

തിങ്ങിനിറഞ്ഞ കാടിൻ്റെ വന്യതയും മറുവശത്ത് കൂടി ഒഴുകുന്ന നദിയുടെ സൗന്ദര്യവും ആസ്വദിക്കാൻ പറ്റിയ ഒരിടമുണ്ട് കോഴിക്കോട്. അതാണ് നമ്മുടെ കോഴിക്കോട്ടെ ജാനകിക്കാട്. കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 54 കിലോമീറ്റർ അകലെ മരുതോങ്കര ഗ്രാമത്തിലാണ് ജാനകിക്കാടുള്ളത്. 131 ഹെക്ടറോളം നീണ്ടുകിടക്കുന്ന കാടിൻ്റെ സൗന്ദര്യമാസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 2008ലാണ് ഇക്കോ ടൂറിസം സെന്ററായി ജാനകിക്കാടിനെ പ്രഖ്യാപിക്കുന്നത്.

മുൻ കേന്ദ്രമന്ത്രി വി.കെ.കൃഷ്‌ണമേനോന്റെ സഹോദരി വി.കെ.ജാനകിയമ്മയുടെ പേരിലുള്ള എസ്റ്റേറ്റായിരുന്നു ഇത്. അങ്ങനെയാണ് ജാനകിക്കാടെന്ന് പേര് വന്നത്. വന്യമൃഗങ്ങളില്ലാത്തതിനാൽ സഞ്ചാരികൾക്ക് കാടിന്റെ ഭംഗിയും തണുപ്പും ആസ്വദിച്ച് പേടി കൂടാതെ യാത്ര ചെയ്യാമെന്നതാണ് ജാനകിക്കാടിന്റെ പ്രത്യേകത. വഴിയോരത്ത് പല ഭാഗങ്ങളിലായി ഇരിപ്പിടങ്ങളുള്ളതിനാൽ വിശ്രമിച്ച് യാത്ര ചെയ്യാം. കണ്ടലും നിരവധി മരങ്ങളും നിറഞ്ഞ് നിൽക്കുന്ന വെള്ളമണൽ പ്രദേശങ്ങളും ഇവിടെയുണ്ട്. വർഷങ്ങൾ പഴക്കമുള്ള നിരവധി മരങ്ങൾ ജാനകിക്കാടിൽ കാണാനാകും. മരുത്, വെൺതേക്ക്, ഇരൂൾ എന്നിവയാണ് ഇവിടെ ഏറ്റവും കൂടുതൽ കാണുന്ന മരങ്ങൾ. 77തരം പക്ഷികളും 120 ഇനം പൂമ്പാറ്റകളും ഇവിടുണ്ട്. ഡിസംബർ മെയ് മാസങ്ങളിലാണ് സഞ്ചാരികൾ ഏറ്റവും കൂടുതലും ഇവിടെ എത്താറുള്ളത്.

നിരവധി ഔഷധ ഗുണമുള്ള മരങ്ങളെയും ഇവിടെ കാണാനാകും. 2000 വർഷം പഴക്കമുള്ള തൃക്കൈപറമ്പ് മഹാവിഷ്‌ണു ക്ഷേത്രമാണ് കാടിനുള്ളിലെ മറ്റൊരു മനോഹര കാഴ്ച. എപ്പോഴും തെളിഞ്ഞും ഒളിഞ്ഞും വരുന്ന സൂര്യരശ്‌മികൾ വഴികാട്ടുന്ന വനത്തിലൂടെയുള്ള യാത്ര ഏവർക്കും നല്ലൊരു അനുഭൂതി തന്നെയാകും നൽകുക എന്നതിൽ സംശയമില്ല.