കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. മഴയും വെയിലും കാറ്റും കോടമഞ്ഞും എല്ലാം മാറിമാറി വരുന്ന അത്ഭുതക്കാഴ്ചയാണ് ഇലവീഴാപൂഞ്ചിറയിലേത്. മഴ മാറി, മഞ്ഞുകൂടി നീങ്ങിയാൽ ആയിരക്കണക്കിന് അടി താഴെയായി മലങ്കര ഡാമിന്‍റെ റിസർവോയറും വേമ്പനാട്ടുകായലും നെടുമ്പാശ്ശേരിയുമടക്കം വ്യക്തമായി കാണാം. ഏതൊരു സഞ്ചാരിയെയും ഭ്രമിപ്പിക്കാൻ പോന്ന മായക്കാഴ്ചകളൊരുക്കി സഞ്ചാരികളെ അരികിലേക്ക് വിളിക്കുകയാണ് ഈ സ്വപ്നഭൂമി. കോട്ടയം ജില്ലയിലെ ഒരു പ്രധാന ഹിൽസ്റ്റേഷനായ ഇലവീഴാപൂഞ്ചിറ മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്ക് ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്. ഇതിന്റെ സമീപത്തായി മറ്റൊരു ആകർഷണമായി ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നു.
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. പാലായിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ. എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.