ഉപതെരഞ്ഞെടുപ്പുകള്‍ ചില പാഠങ്ങള്‍ തരുന്നുണ്ട്. അത് തിരിച്ചറിയാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മനസ്സിലായില്ലെങ്കില്‍ അത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ജനങ്ങള്‍ വോട്ടു ചെയ്യാനെത്തിയതിലുണ്ടായ കുറവ് എന്തു കൊണ്ട് സംഭവിച്ചു എന്നതിന് ഉത്തരം തേടി അലയേണ്ടതില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെയും സമയത്തിനുള്ളില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയ വിശ്വാസമില്ലായ്മയുടെ രാഷ്ട്രീയം ജനങ്ങള്‍ കണ്ടു മടുത്തിരിക്കുന്നു എന്നതു തന്നെയാണ്. ജനാധിപത്യത്തിന്റെ ഭാഗമായാലും ഇല്ലെങ്കിലും കപട രാഷ്ട്രീയക്കാര്‍ തന്നെയാണ് വീണ്ടുമെത്തുന്നതെന്ന വലിയ വിപത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചവരാണ് വോട്ടു ചെയ്യാന്‍ എത്താതിരുന്നത്.
തമ്മില്‍ ഭേദം തൊമ്മന്‍ എന്ന രീതി പോലും ഇല്ലാത്ത അവസ്ഥയില്‍ എല്ലാവരും കള്ളന്‍മാരാണെന്നതിലേക്ക് എത്തപ്പെട്ടത് എങ്ങനെയാണെന്ന് ചിന്തിക്കേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. ഉപതെരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 64.71 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജനറല്‍ ഇലക്ഷനില്‍ അത് 73.57 ശതമാനമായിരുന്നു പോളിംഗ്. ചേലക്കര നിയമസഭാ മണ്ഡലത്തില്‍ 72.77 ശതമാനം പോലിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ 77.40 ശതമാനമായിരുന്നു പോളിംഗ്. വയനാട്ടിലെ ജനങ്ങളില്‍ 9 ശതമാനത്തോളം വോട്ടര്‍മാരും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുകയോ, വോട്ട് ചെയ്യാന്‍ മടിക്കുകയോ ചെയ്തിരിക്കുന്നു.
അതേസമയം, 2019ലെ ജനറല്‍ ഇലക്ഷനില്‍(ലോക്സഭാ) 80.33 ശതമാനമായിരുന്നു പോളിംഗ്. 2019ല്‍ നിന്നും 2024 ലെ ജനറല്‍(ലോക്സഭാ) തെരഞ്ഞെടുപ്പിലെത്തുമ്പോള്‍ 7 ശതമാനത്തോളം പോളിംഗ് കുറവാണ് രേഖപ്പെടുത്തിയത്. അതായത്, 73.57 ശതമാനം പോളിംഗ്. അഞ്ചു വര്‍ഷം കൊണ്ടാണ് ഈ ഏഴു ശതമാനം വോട്ടര്‍മാരും തെരഞ്ഞെടുപ്പിനെ ഉപേക്ഷിച്ചത്. എന്നാല്‍, സ്ഥലത്തില്ലാതിരുന്നവരും, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാത്തവരും, മരിച്ചു പോയവുരമൊക്കെയാണ് വോട്ടു ചെയ്യാതിരുന്നവരില്‍ അധികമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്, ജനാധിപത്യമെന്ന വ്യവസ്ഥിതിയെ ജനം വെറുത്തിരിക്കുന്നു എന്നു തന്നെയാണ്.
നമ്മളെ ഭരിക്കേണ്ടവര്‍ ആരായിരിക്കണമെന്ന് തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തീരുമാനിക്കുമെന്ന് പറയുന്നതിന്റെ അര്‍ത്ഥം പോലും മാറിപ്പോയിരിക്കുന്നു. ജനങ്ങളെ ഭരിക്കുന്നത് ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് ശരിക്കും രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് വന്നിരിക്കുന്നു. ഇതാണ് വയനാട്ടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വ്യക്തമായിരിക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് ഏവു ശതമാനം പോളിംഗ് കുറവു വന്നിടത്ത്, വെറും ഏഴു മാസം കൊണ്ട് വന്നത് 9 ശതമാനം പോളിംഗ് കുറവാണ്. അപ്പോള്‍, അഞ്ചു വര്‍ഷം കഴിഞ്ഞു വരുന്ന ജനറല്‍ ഇലക്ഷനില്‍ വയനാടിന്റെ പോളിംഗ് ശതമാനം എത്രയായിരിക്കുമെന്ന് ഊങിക്കാവുന്നതേയുള്ളൂ. പോളിംഗ് ശതമാനം കൂടുകയല്ല, കുറയുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയണം.
വയനാട് ജില്ലയില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഏഴ് മണ്ഡലങ്ങളിലും 2024ലെ ജനറല്‍ ഇലക്ഷനില്‍ രേഖപ്പെടുത്തിയിരുന്നതിനേക്കാള്‍ പോളിംഗ് കുറവാണ് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. 2019 ലെ ജനറല്‍ ഇലക്ഷനേക്കാള്‍ കുറവായിരുന്നു 2024ലെ ജനറള്‍ ഇലക്ഷനില്‍ രേഖപ്പെടുത്തിയിരിക്കുന്ന പോളിംഗ്. ഉപതെരഞ്ഞെടുപ്പില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 70 ശതമാനത്തിനും താഴെയായിക്കഴിഞ്ഞു. 2024 ജനറല്‍ ഇലക്ഷനില്‍ ഇത് 75 ശതമാനത്തിനു താഴെയാണ്. എന്നാല്‍, 2019ല്‍ ഇത് 80 ശതമാനത്തിനു മുകളിലാണ് പോളിംഗ്. രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് 2019ല്‍ 78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നത്.
നോക്കൂ, 2019ലെ ജനറല്‍ ഇലക്ഷനില്‍ നിന്നും 2024ലെ ജനറല്‍ ഇലക്ഷനിലെത്തിയപ്പോള്‍ ഉണ്ടായ പോളിംഗ് ശതമാനത്തിലെ കുറവ്, ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴു മാസത്തിനുള്ളില്‍ വീണ്ടും വര്‍ദ്ധിച്ചിരിക്കുന്നു എന്നതാണ് വസ്തുത. ഇത് കാണിക്കുന്നത്, ജനാധിപത്യത്തെ ശാക്തീകരിക്കുന്ന പ്രക്രിയയില്‍ നിന്നും ജനങ്ങള്‍ അകന്നു പോയെന്നതാണ്. വയനാട്ടിലെ തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ വിദമായി തന്നെ നോക്കാം. വയനാട്ടിലെ നിയമസഭാ മണ്ഡലങ്ങള്‍ ഇവയാണ്: മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവ.
- മാനന്തവാടിയില്‍ 2,02,930 വോട്ടര്‍മാരാണുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ 63.89 വോട്ടിംഗ് ശതമാനം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ലെ ജനറല്‍ ഇലക്ഷനില്‍ 73.10 ശതമാനമായിരുന്നു പോളിംഗ്. എന്നാല്‍, 2019ലെ ജനറല്‍ ഇലക്ഷനില്‍ 81.54 ശതമാനം ആയിരുന്നു പോളിംഗ്.
- ബത്തേരിയില്‍ 2,27,489 വോട്ടര്‍മാരുണ്ട്. ഇവിടെ ഉപതെരഞ്ഞെടുപ്പില്‍ 62.66 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2024 ജനറള്‍ ഇലക്ഷനില്‍ 72.52 ശതമാനം പോളിംഗ് ഉണ്ടായിരുന്നു. അതേസമയം, 2019ല്‍ ഇത് 81.91 ശതമാനം പോളിംഗ് ആയിരുന്നു.
- കല്‍പ്പറ്റയില്‍ 2,10,760 വോട്ടര്‍മാരുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ 65.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2024 ജനറല്‍ ഇലക്ഷനില്‍ 73.56 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, 2019ല്‍ ഇത് 80.88 ശതചമാനം പോളിംഗായിരുന്നു.
- തിരുവമ്പാടിയില്‍ 1,84,808 വോട്ടര്‍മാരുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ 66.39 ആണ് പോളിംഗ് ശതമാനം. 2024 ജനറല്‍ ഇലക്ഷനില്‍ ഇത് 73.38 ശതമാനംമായിരുന്നു. അതേസമയം, 2019ല്‍ 81.26 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
- ഏറനാട് 1,84,986 വോട്ടര്‍മാരുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ 69.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024ലെ തെരഞ്ഞെടുപ്പില്‍ ഇത് 77.76 ശതമാനമായിരുന്നു. എന്നാല്‍, 2019ലെ തെരഞ്ഞെടുപ്പില്‍ 81.43 ശതമാനം പോളിംഗ് ഉണ്ടായിരുന്നു.
- നിലമ്പൂരില്‍ 2,26,541 വോട്ടര്‍മാരാണുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ 61.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ 71.35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, 2019ലെ തെരഞ്ഞെടുപ്പില്‍ ഇത് 77.53 ശതമാനമായിരുന്നു.
- വണ്ടൂരില്‍ ആകെ 2,34,228 വോട്ടര്‍മാരാണുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ പോള്‍ ചെയ്തത് 64.43 ശതമാനം മാത്രമാണ്. എന്നാല്‍, 2024ലെ ജനറല്‍ ഇലക്ഷനില്‍ ഇത് 73.41 ശതമാനമായിരുന്നു. 2019ലെ ജനറല്‍ ഇലക്ഷനില്‍ 77.92 ശതമാനം പോളിഗ് നടന്ന ഇടത്താണ് ഇത്രയും കുറവു സംഭവിച്ചിരിക്കുന്നത്.
മഹാവിപത്തായ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയവരും ബാക്കിയായവരുടെ ദുരിത ജീവിതങ്ങളും വയനാടെന്ന മലയയോര ജില്ലയെ ജനാധിപത്യ വിശ്വാസത്തില്‍ നിന്നും അകറ്റിയതെന്തു കൊണ്ടാണ്. അത് പരിശോദിക്കപ്പെടേണ്ടതു തന്നെയാണ്. സമാനമായാണ് ചേലക്കരയിലും സംഭവിച്ചിരിക്കുന്നത്. രണ്ടിടത്തും ഉപതെരഞ്ഞെടുപ്പിന് സാഹചര്യം ഉണ്ടാകാനാടയായ രാഷ്ട്രീയ സാഹചര്യം വിലയിരുത്തേണ്ടതുണ്ട്.
എന്തുകൊണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ ?
വയനാടും, ചേലക്കരയിലും പാലക്കാടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്, ഇവിടെ നിന്നും വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് മരണം സംഭവിച്ചതു കൊണ്ടല്ല, ആ മണ്ഡലങ്ങളില്‍ നിന്നു മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ പോയതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് മന്ത്രിയായിരുന്ന ആള് പോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയി. ഇതോടെയാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം നടപടികള്‍ ജനങ്ങളില്‍ വലിയ തോതില്‍ വെറുപ്പുണ്ടാക്കിയിട്ടുണ്ട്. ജനങ്ങള്‍ ആ വെറുപ്പ് കാണിക്കുന്നത്, തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നുകൊണ്ടാണ്.
അതാണ് ചേലക്കരയിലും, വയനാട്ടിലും കണ്ട പോളിംഗ് ശതമാനത്തിലെ കുറവ്. വയനാട്ടില്‍ നിന്നു വിജയിച്ച രാഹുല്‍ഗാന്ധി, മണ്ഡലം ഒഴിഞ്ഞു പോയതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്. റായ്ബറേലി മണ്ഡലമാണ് രാഹുല്‍ഗാന്ധി എടുത്തത്. വയനാട് പ്രയങ്കാഗാന്ധിയെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ചേലക്കരയില്‍ കെ. രാധാകൃഷ്ണ്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതാണ്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ചേലക്കര ഉപേക്ഷിച്ചു. പാലക്കാട് മണ്ഡലത്തില്‍ വിജയിച്ച ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ പോയതോടെ ഒഴിവു വന്നു.
ഒരിക്കല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചവര്‍ മണ്ഡലം മാറുകയോ, മറ്റൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. ഇത് നിശ്ചയിക്കുന്നത് അതതു രാഷ്ട്രീയ കക്ഷികളാണെന്നതാണ് പ്രശ്‌നം. ജനങ്ങള്‍ ഒരിക്കലും, വിജയിച്ച സ്ഥാനാര്‍ത്ഥി മറ്റൊരു മണ്ഡലത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
സംവിധായകന്‍ ലാല്‍ ജോസിന്റെ അഭിപ്രായം ഇങ്ങനെ
രാജ്യത്ത് അനാവശ്യമായി നടത്തേണ്ടി വരുന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിയുടെ മരണം പോലുള്ള അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള ഉപതെരഞ്ഞടുപ്പുകള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴി പഞ്ചായത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മായന്നൂര്‍ എല്‍പി സ്‌കൂളിലെ 97 -ാം ബൂത്തിലാണ് ലാല്‍ ജോസ് വോട്ട് രേഖപ്പെടുത്തിയത്.
ഉപതെരഞ്ഞെടുപ്പ് ഒരു അധിക ചിലവാണ് ജനങ്ങളുടേ കുറേ കാശ് അങ്ങനെ പോകുന്നുണ്ടെന്നും സംവിധായകന്‍ തുറന്നടിച്ചു. സംസ്ഥാന സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിനും സംവിധായകന്‍ മറുപടി നല്‍കി. ‘തുടര്‍ച്ചയായി ഭരിക്കുമ്പോള്‍ കൂടുതല്‍ പരാതികള്‍ വരിക സ്വാഭാവികമാണ്. പരാതികളൊന്നുമില്ലാതെ ആര്‍ക്കും ഭരിക്കാനാകില്ല. തനിക്ക് സര്‍ക്കാറിനെതിരെ പരാതികളൊന്നുമില്ല’.- ലാല്‍ ജോസ് പറഞ്ഞു. എന്നാല്‍ ചേലക്കരയില്‍ വികസനം വേണം. മണ്ഡലത്തിലെ സ്‌കൂളുകളും റോഡുകളും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ വികസനങ്ങള്‍ ഇനിയും വരേണ്ടതുണ്ടെതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
CONTENT HIGHLIGHTS;Democracy Hated?: What Lessons Does the Massive Decline in Voter Turnout Teach?; Time for political parties to regain honesty and public trust