ഇപി ജയരാജന്റെ ആത്മകഥാ പ്രസിദ്ധീകരണത്തെ സംബന്ധിച്ച വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്സ് സിഇഒ രവി ഡിസി. സാമൂഹിക മാധ്യമങ്ങളിലൂടെ നേരത്തേ പറഞ്ഞതാണ് ഡിസിയുടെ നിലപാടെന്നും പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുസ്തക വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ പ്രതികരിക്കുകയായിരുന്നു രവി ഡിസി.
തങ്ങള്‍ ഫെസിലിറ്റേറ്റര്‍ മാത്രമാണെന്ന നിലപാടിലാണ് രവി ഡിസിയുടെ പ്രതികരണം. ഇപി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ടുള്ള ഡിസി ബുക്സിന്റെ നിലപാട് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതാണ്. അതില്‍ കൂടുതലൊന്നും പറയാനില്ല. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രവി ഡിസി പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോടും രവി ഡിസി പ്രതികരിക്കാന്‍ തയ്യാറായില്ല. വിവാദത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഡിസി ബുക്സ് വിശദീകരണം നല്‍കിയശേഷം ആദ്യമായാണ് ഡിസി രവി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
പുസ്തകത്തെ കുറിച്ചോ അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ചോ ഒന്നും നിഷേധിക്കാന്‍ രവി ഡിസി ഇന്നും തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. പുസ്തകത്തിന്റെ കരാര്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു. പുസ്തക വിവാദം സംബന്ധിച്ച് ഇപി ജയരാജന് നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുമെന്ന് കോട്ടയം എസ് പി ഷാഹുല്‍ ഹമീദ് പറഞ്ഞു. റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും എസ് പി അറിയിച്ചു. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുക.