ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവിസങ്കേതമാണ് ശെന്തുരുണി വന്യജീവിസങ്കേതം. കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ വന്യജീവി സങ്കേതം 1984 ലാണ് നിലവിൽ വന്നത്. തെന്മലയാണ് ഈ വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. അനാകാർഡിയേസി കുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻകൂറിക്ക എന്ന ശെന്തുരുണി മരങ്ങൾ ധാരാളമായി വളരുന്നതുകൊണ്ടാണ് ശെന്തുരുണി വന്യജീവിസങ്കേതം എന്ന പേരു ലഭിച്ചത്. പച്ചപ്പിന്റെ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. മികച്ച ഒരു ട്രെക്കിങ് അനുഭവം ശെന്തുരുണി വന്യജീവിസങ്കേതം നിങ്ങൾക്ക് സമ്മാനിക്കും. ട്രെക്കിംഗ് തന്നെയാണ് ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും വലിയ ഘടകം.
കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ജലസേചനത്തിന് ഉപകരിക്കുന്ന പരപ്പാര്‍ അണക്കെട്ട് ഈ വനമേഖലയിലാണ്. മാന്‍, കാട്ടുപോത്ത്, കരിങ്കുരങ്ങ്, ഹനുമാന്‍ കുരങ്ങ് തുടങ്ങി ഒട്ടേറെ വന്യജീവികളേയും ഇവിടെ കാണാൻ കഴിയും. പരപ്പാര്‍ അണക്കെട്ടും പരിസര പ്രദേശങ്ങളും ചെറിയൊരു ഉല്ലാസയാത്രയ്ക്ക് യോജിച്ച സ്ഥലമാണ്. പുനലൂരിൽനിന്ന് അരമണിക്കൂർ സഞ്ചരിച്ചാൽ തെന്മലയിലെത്താം. കല്ലട-പരപ്പാർ അണക്കെട്ട്, തൂക്കുപാലം, ബോട്ടിങ്, ശില്പോദ്യാനം, മരപ്പാലത്തിലൂടെയുള്ള നടത്തം, റിവർ ക്രോസിങ്, സൈക്ലിങ്, ബട്ടർഫ്ലൈ പാർക്ക്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ, ഏറുമാടം, ട്രെക്കിങ് എന്നിവ തെന്മലയിലെ മറ്റ് പ്രധാന ആകർഷണങ്ങളാണ്. കുളത്തൂപ്പുഴ റിസർവ് വനത്തിന്റെ ഭാഗമാണ് ശെന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രം.