2024ലെ ലോക്‌സഭാ ജനറല്‍ ഇലക്ഷന്‍ കാലം തൊട്ട് ഉപതെരഞ്ഞെടുപ്പ് കാലം വരെയുള്ള ഹ്രസ്വദൂര കേരള രാഷ്ട്രീയം, ഇതുവരെ കാണാത്ത കളികളുടെ തട്ടകമായിരിക്കുകയാണ്. പരസ്പരം രാഷ്ട്രീയവും, വ്യക്തിഹത്യകളും വരെ നടത്തിക്കൊണ്ടിരുന്ന ഇടത്-വലത്-ബി.ജെ.പി പാര്‍ട്ടികളിലെ നേതാക്കള്‍ അങ്ങോട്ടുമിങ്ങോട്ടും നേതാക്കളെ കൊടുക്കല്‍ വാങ്ങല്‍ നടത്തുകയാണ്. ഏറ്റവും ഒടുവില്‍ ബി.ജെ.പിയുടെ സംസ്ഥാന തല നേതാവായ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തിരിക്കുന്നു. താമര വള്ളിയിലെ പിടിവിട്ട് കൈ പിടിച്ച സന്ദീപ് വാര്യര്‍ ഇന്നലെ വരെ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചിരുന്ന നേതാവായിരുന്നു.
ഇന്നു മുതല്‍ പുതിയൊരു സന്ദീപ് വാര്യരായി കോണ്‍ഗ്രസുകാരനായി ബി.ജെ.പിക്കെതിരേ പൊരുതാനിറങ്ങുകയാണ്. ഇതും ഒരു തെരഞ്ഞെടുപ്പു കാലത്തിന്റെ വക്കിലാണെന്നതും കൗതുകം. കഴിഞ്ഞ ലോക്‌സഭാ ജനറല്‍ ഇലക്ഷന്‍ കാലത്താണ് കോണ്‍ഗ്രസിന്റെ ലീഡര്‍ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നത്. അതിനു മുമ്പ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനൊക്കെ പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ ഒഴുക്കായിരുന്നു ബി.ജെ.പിയിലേക്ക്. അന്ന് അസ്വാരസ്യങ്ങളും ഉള്‍പാര്‍ട്ടീ പൊട്ടിത്തെറിയിലും പെട്ട് സന്ദീപ് വാര്യര്‍ അസ്വസ്ഥനായിരുന്നുവെന്നത് ഇപ്പോഴാണ് വെളിവായത്.
പത്മജയുടെ ബി.ജെ.പിയിലേക്കുള്ള പോക്കും സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള വരവുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അതു മാത്രമല്ല, സന്ദീപ് വാര്യരെ നേരത്തെ സി.പി.എം ക്ഷണിച്ചിട്ടുണ്ടായിരുന്നു എന്നതും മറന്നുകൂട. കോണ്‍ഗ്രസില്‍ നിന്നും സീറ്റ് കിട്ടാതെ മറുകണ്ടം ചാടിയ പി. സരിന്‍ പോയത് സി.പി.എമ്മിലേക്കാണ്. പോയപാടെ പാലക്കാട് സീറ്റ് കിട്ടുകയും ചെയ്തു. ഇ.പി ജയരാജന്‍ സി.പി.എമ്മില്‍ നിന്നും യു ടേണ്‍ എടുത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇപ്പോള്‍ ആത്മകഥയും വിവാദങ്ങളും ഇ.പിയുടെ കമ്യൂണിസ്റ്റ് ജീവിതയാത്രയ്ക്ക് വിരാമമിടാനുള്ള തയ്യാറെടുപ്പിലാണ്.
ഇങ്ങനെ എപ്പോള്‍ വേണമെങ്കിലും പോകാനും, വരാനും പാകത്തിന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളള്‍ തരം താഴുകയോ, ഉയരുകയോ ചെയ്തു കഴിഞ്ഞിരിക്കുന്നു. ആശയങ്ങളും ആദര്‍ശങ്ങളും പറച്ചിലില്‍ മാത്രമേ ഉള്ളൂവെന്നും പ്രവൃത്തിയില്‍ ശിഖണ്ഡിയുടെ റോളുമാണ് എടുക്കുന്നത്. ഇന്നലെ വരെ പാര്‍ട്ടിയെ നഖശിഖാന്തം എതിര്‍ക്കുകയും, മൈക്കുകെട്ടി പ്രഖ്യാപിക്കുകയും ചെയ്തവര്‍ ഇന്ന് അതേ പാര്‍ട്ടിയുടെ അംഗത്വമെടുത്ത് വാഴ്ത്തി പറയാന്‍ തയ്യാറെടുക്കുന്നു. ബി.ജെ.പിക്കാരനായ ഭീമന്‍ രഘു, തെരഞ്ഞെടുപ്പില്‍ തോറ്റതോടെ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത് മറക്കാറായിട്ടില്ല.
അന്ന് ചെങ്കൊടിയും കൈയ്യിലേന്തി ഭീമന്‍രഘു എ.കെ.ജി സെന്ററിനു മുമ്പില്‍ നടത്തിയ ബാലേ മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. പരിന്നീട് ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ തെങ്ങുപോലെ നിന്നതും, സിനിമാ പ്രെമോഷന് ചെങ്കൊടിയുമായി കോമാളിത്തരം കാട്ടിയതുമെല്ലാം പാര്‍ട്ടിയുടെ നിലവാരത്തകര്‍ച്ചയെയാണ് വരച്ചു കാട്ടിയത്. അതായത്, കേരളത്തിലെ വനങ്ങളിലെ മൃഗങ്ങള്‍ക്ക് വോട്ടവകാശമുണ്ടായിരുന്നുവെങ്കില്‍ അതിനെയും പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്നര്‍ത്ഥം. കോണ്‍ഗ്രസില്‍ നിന്നു പോയ പത്മജയ്ക്കും, പി. സരിനും പകരമായി സന്ദീപ് വാര്യരെ കിട്ടയതിന്റെ സന്തോഷത്തിലാണ് കോണ്‍ഗ്രസ്.
ബി.ജെ.പിക്ക് ആര് വന്നാലും പ്ലസ് പോയിന്റാണ്. കാരണം, രാജ്യം കൈയ്യിലുണ്ടെങ്കിലും കിടപ്പാടമില്ലാത്ത അവസ്ഥയാണ് ബി.ജെ.പിക്ക് കേരളത്തില്‍. അതുകൊണ്ടുതന്നെ, മഹാഭാരതത്തിലെ പാണ്ഡവരെപ്പോലെ വനവാസ, ജീവിതം നയിക്കുകയാണ് ബി.ജെ.പി. കേരളത്തിലെ രാഷ്ട്രീയ പോരാട്ടത്തില്‍ പടിപ്പടിയായി ഉയരുന്ന ബി.ജെ.പിയുടെ പാളയത്തില്‍ ആളെക്കൂട്ടുന്നതിനുള്ള നീക്കങ്ങള്‍ സജീവമാക്കിയപ്പോഴാണ് സന്ദീപ് വാര്യര്‍ മറുകണ്ടം ചാടിയത്. പക്ഷെ, സന്ദീപ് ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. താന്‍ പാര്‍ട്ടി വിടാനുണ്ടായ കാരണം അതാണെന്നും സന്ദീപ് പറയുന്നുണ്ട്. പ്രശ്‌നങ്ങള്‍ക്ക് സമവായമല്ല പരിഹാരമാണ് എനിക്ക് വേണ്ടത്, അതിന്റെ സമയം കഴിഞ്ഞു’, മുറിവേറ്റ മനസുമായാണ് സന്ദീപ് വാര്യര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മനസ്സ് തുറന്നത്.
തനിക്ക് നിരവധി അപമാനങ്ങള്‍ നേരിടേണ്ടിവന്നെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോടുള്ള ഈര്‍ഷ്യയും അദ്ദേഹം മറച്ചുവച്ചില്ല. പാലക്കാട്ട് പ്രചാരണത്തില്‍ സജീവമാകണമെന്ന് ആവശ്യപ്പെട്ടതിനപ്പുറം പരാതികള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറായില്ല. തന്നെ വല്ലാതെ വേദനിപ്പിച്ച കാര്യമാണത്. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആരും തയ്യാറായില്ല. വിഷയങ്ങളുണ്ടാകുമ്പോള്‍ അത് പരിഹരിക്കുക എന്നതാണ് നേതൃത്വം ചെയ്യേണ്ടത്. അതി്ന് അദ്ദേഹം ശ്രീലങ്കന്‍ ക്രിക്കറ്റ് നായകനായിരുന്ന അര്‍ജ്ജുന രണതുംഗയുടെ ലീഡര്‍ഷിപ്പ് ക്വാളിറ്റി വരെ എടുത്തുപറഞ്ഞു.
‘ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍ ഓസ്ട്രേലിയയില്‍ ഒരു മാച്ചില്‍ കളിക്കുന്ന സമയത്ത് തുടര്‍ച്ചയായി അദ്ദേഹത്തിനെതിരേ നോബോള്‍ വിളിക്കുന്ന സ്ഥിതിയുണ്ടായി. വര്‍ണവെറിയുടെ ഭാഗമായിരുന്നു അത്. അര്‍ജുന രണതുംഗ എന്ന ക്യാപ്റ്റന്‍ അപ്പോള്‍ കാണിച്ച ഒരു മാതൃകയുണ്ട്. എല്ലാ കളിക്കാരെയും വിളിച്ച് കളിനിര്‍ത്തി പുറത്തേക്ക് പോകുകയാണ് അദ്ദേഹം ചെയ്തത്. സ്വന്തം കരിയര്‍ പോലും അപകടത്തിലായി ആജീവനാന്ത വിലക്ക് പോലും വരാവുന്ന തീരുമാനമായിട്ടും അദ്ദേഹം അത് ചെയ്തു. അതാണ് ലീഡര്‍ഷിപ് ക്വാളിറ്റി. ഈ നേതൃഗുണം ഞാന്‍ ഏറെ ബഹുമാനിക്കുന്ന പലരില്‍ നിന്നും ഉണ്ടായില്ല. സഹപ്രവര്‍ത്തകന്റെ വിഷമഘട്ടത്തില്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ നില്‍ക്കരുത്’.
കെ സുരേന്ദ്രന്‍ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയ നാള്‍ മുതലാണ് സന്ദീപ് വാര്യര്‍ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടാന്‍ തുടങ്ങിയത്. ചാനല്‍ ചര്‍ച്ചകളില്‍ സജീവമായതോടെ, സന്ദീപ് വാര്യര്‍ ജനകീയനായി. സന്ദീപിന്റെ ജനകീയതയില്‍ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ക്ക് അസഹിഷ്ണുതയായി. ആള്‍ അത്രയ്ക്ക് വളരേണ്ടതില്ല എന്ന തീരുമാനം വന്നതോടെ, പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യവും വന്നു. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്്ണകുമാറിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചത് വലിയ ഷോക്കായി. മൂന്നുദിവസമാണ് വിഷമിച്ച് വീട്ടിലിരുന്നത്.
പാലക്കാട്ടെ ബിജെപിയില്‍ സന്ദീപിന് നിരന്തര അവഗണന നേരിട്ടു. അപമാനിതനായതിനാല്‍ പാലക്കാട്ട് പ്രചാരണത്തിനിറങ്ങില്ലെന്നും സി.കൃഷ്ണകുമാര്‍ സ്ഥിരം സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തെ ഒഴിവാക്കലുകള്‍ ഉള്‍പ്പെടെ ഒരുപാട് പരിപാടികളില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തി. പ്രധാനമന്ത്രിയോ മറ്റ് കേന്ദ്രമന്ത്രിമാരോ വരുന്ന പരിപാടികള്‍ തന്നെ അറിയിക്കില്ല. അഖിലേന്ത്യാ പ്രസിഡന്റ് വന്ന പരിപാടിയും എന്നെ അറിയിച്ചില്ല. ജില്ലയുടെ പ്രധാനപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍പോലും ഇടംനല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ നേരിട്ട വിഷമം പാര്‍ട്ടിയിലെ മുതിര്‍ന്ന ആളുകളെ അറിയിച്ചിരുന്നു.
അവര്‍ വരും എന്നെ ആശ്വസിപ്പിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കൃഷ്ണകുമാറിനേക്കാള്‍ പ്രായം കുറഞ്ഞയാള്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സാമീപ്യം ആഗ്രഹിച്ച നിമിഷങ്ങള്‍ ജീവിതത്തിലുണ്ടായിരുന്നു. ഇനി ഓടിയെത്തണമെന്നില്ല. പ്രതികരിക്കാന്‍ കുറേ ദിവസങ്ങളായി സമ്മര്‍ദ്ദമുണ്ടായിരുന്നു. അപ്പോഴൊക്കെ താന്‍ മൗനം പാലിച്ചു. എന്നാല്‍ ആ മൗനത്തിന് വലിയ വില നല്‍കേണ്ടിവരുമെന്ന് തനിക്ക് തോന്നി. അസത്യമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പറുന്നതിനുള്ളില്‍ ബി.ജെ.പിയിലെ ഉള്‍പാര്‍ട്ടീ ശിഥിലീകരണത്തിന്റെ തോത് മനസ്സിലാക്കാനാകും.
സമാന രീതിയിലാണ് പത്മജേ വേണുഗോപാല്‍ ബി.ജെ.പിയിലേക്കു പോകാനുണ്ടായ കാരണമായി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയതും. തന്നെ തകര്‍ക്കാന്‍ തൃശൂരില്‍ കോണ്‍ഗ്രസുകാരാണ് ശ്രമിച്ചതെന്നാണ് അവര്‍ പറഞ്ഞത്. പി. സരിന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ പറഞ്ഞത്, വി.ഡി. സതീശന്റെ നേതൃത്വത്തില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നാണ്. പി.വി അന്‍വര്‍ സി.പി.എമ്മുമായുള്ള ബന്ധം മുറിച്ചപ്പോള്‍ പറഞ്ഞത് പാര്‍ട്ടിയെ നശിപ്പിക്കുന്ന നേതാക്കള്‍ അതില്‍ കൂടിയെന്നാണ്. ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ വന്ന് ഭീമന്‍ രഘു പറഞ്ഞത് ബി.ജെ.പിയില്‍ കുറച്ചു പേര്‍ക്കപ്പുറം മറ്റാരെയും അവര്‍ പരിഗണിക്കില്ല എന്നാണ്. ഇതെല്ലാം കാണിക്കുന്നത്, കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികലിലെ നേതാക്കള്‍ക്ക് വണ്ടി മാറിക്കയറുന്നതു പോലെ എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടി മാറിക്കയറാനാകും. പക്ഷെ, അത് അണികളാണെങ്കില്‍ മരണം ഉറപ്പാണെന്നു മാത്രം.
CONTENT HIGHLIGHTS; Padmaja’s departure and Sandeep Warrier’s arrival: P Sarin’s jump and E.P. Jayarajan’s U Turn; Kerala politics as a stage of unseen games