Travel

തിരുവനന്തപുരം ഒളിപ്പിച്ച സുന്ദരി, കൂനിച്ചിമല

ഭംഗിയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ നമുക്കെന്നും ഇഷ്ടമാണല്ലേ. പ്രത്യേകിച്ച് മഞ്ഞുമൂടി മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ നൽകുന്ന ഒരു ഇടം ആയാൽ ആ യാത്രയുടെ വീര്യം ഏറും. അത്തരത്തിൽ തിരുവനന്തപുരത്ത് അധികമാർക്കും അറിയാത്ത ഒരിടമാണ് കൂനിച്ചിമല. തിരുവനന്തപുരത്തെ മനോഹരമായ മഞ്ഞിറങ്ങുന്ന ഇടം ഏതെന്ന് ചോദിച്ചാൽ എല്ലാവരും ആദ്യം പറയുക പൊന്മുടി ആയിരിക്കും. എന്നാൽ ഇവിടെ ചെന്നുനോക്കിയാൽ നമുക്ക് മനസ്സിലാകും പൊന്മുടിയേക്കാൾ സുന്ദരിയാണ് കൂനിച്ചിമലയെന്ന്.

നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞു പുതച്ചു കിടക്കുന്ന മലനിരകൾ. പശ്ചിമഘട്ടത്തിന്റെ ദൃശ്യഭംഗി ആവോളം ആസ്വദിച്ച് മനോഹരമായ ഒരു ട്രക്കിംഗ് നടത്താനും കൂനിച്ചിമല അനുയോജ്യമാണ്. മിനി പൊന്മുടി എന്നാണ് കൂനിച്ചിമലയെ വിളിക്കാറുള്ളതെങ്കിലും പലർക്കും പൊന്മുടിയേക്കാൾ പ്രിയപ്പെട്ടതാണ് ഇവിടം.  തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലാണ് കൂനിച്ചിമല സ്ഥിതി ചെയ്യുന്നത് മാതാ മലയന്നും അറിയപ്പെടുന്നുണ്ട്. മലനിരകൾക്ക് പേരുകേട്ട അമ്പൂരി എന്ന് പറയുമ്പോൾ തന്നെ മനസ്സിൽ ആദ്യം വരിക ട്രക്കിംഗ് അനുഭവം തന്നെയായിരിക്കും. അത്തരത്തിൽ ട്രക്കിംഗ് ആസ്വദിച്ചു പോകാൻ പറ്റിയ ഒരു കിടിലൻ സ്പോട്ടാണ് കൂനിച്ചിമല. 45 മിനിറ്റോളം എടുക്കുന്ന ഈ ട്രക്കിങ്ങിനിടെ അതിമനോഹരമായ അരുവിയും വെള്ളച്ചാട്ടവും ഒക്കെ കാണാൻ സാധിക്കും. അധികമാർക്കും അറിയാത്ത ഒരു ഹിഡൻ സ്പോട് ആയിരുന്നു ഈ പ്രദേശം. എന്നാൽ ഇപ്പോൾ റീൽസിലും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും ഒക്കെ വീഡിയോ വഴി കൂനിച്ചിമല വൈറലാണ്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഒക്കെ എത്തി കൂനിച്ചിമലയുടെ സൗന്ദര്യം ആസ്വദിക്കുന്നത് ഒക്കെ നല്ലതാണ്, പക്ഷേ ഞങ്ങളുടെ ഈ കൊച്ചുപ്രദേശത്തെ പ്ലാസ്റ്റിക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞ് വൃത്തികേടാക്കല്ലേ എന്നൊരു അപേക്ഷയും ഈ നാട്ടുകാർക്ക് ഉണ്ട്.