Food

തേങ്ങ വരുത്തരച്ച് വെച്ച മീൻ കറിക്ക് സ്വാദ് അല്പം കൂടുതലാണ് | Thenga Varutharachu Vecha Meen Curry

തേങ്ങ വരുത്തരച്ച് മീൻ കറി വെച്ചാലോ? കിടിലൻ സ്വാദാണ്. നല്ല മസാലയെല്ലാം മീനിൽ പിടിക്കുമ്പോൾ അതിന് സ്വാദ് കൂടും. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മീൻ (ഏട്ട മീൻ)
  • മഞ്ഞൾ പൊടി
  • ഉപ്പ്
  • മുളക്പൊടി
  • തേങ്ങ
  • ചെറിയ ഉള്ളി
  • 2 അല്ലി വെളുത്തുള്ളി
  • ഒരു നുള്ള് ജീരകം
  • ഒരു നുള്ള് ഉലുവ
  • 2 ഗ്രാമ്പൂ
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • ഇഞ്ചി
  • പച്ചമുളക്
  • മല്ലിപൊടി
  • തക്കാളി
  • എണ്ണ
  • പുളി
  • വെള്ളം
  • ഉലുവപൊടി
  • വറ്റൽമുളക്

തയ്യാറാക്കുന്ന വിധം

അര കിലോ മീൻ കഷ്ണങ്ങൾ ആക്കി അല്പം മഞ്ഞൾപൊടി, ഉപ്പ്, മുളക്പൊടി എന്നിവ പുരട്ടി വെക്കുക. (ഏട്ട മീൻ തൊലി കളഞ്ഞാണ് ഇവിടെ വാങ്ങുന്നത്. ശേഷം നന്നായി കല്ലുപ്പും, നാരങ്ങ നീരും ചേർത്തു ഉരച്ചു കഴുകും.)

അര കപ്പ് തേങ്ങ, 2 ചെറിയ ഉള്ളി, 2 അല്ലി വെളുത്തുള്ളി, ഒരു നുള്ള് ജീരകം, ഒരു നുള്ള് ഉലുവ, 2 ഗ്രാമ്പൂ, കുറച്ചു കറിവേപ്പില എന്നിവ നന്നായി ബ്രൗൻ നിറം ആയി വറുത്തു അരച്ചെടുക്കുക. ഒരു ചട്ടി ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ചേർത്ത് 5 ചെറിയ ഉള്ളി, 5 അല്ലി വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, 2 പച്ചമുളക് എന്നിവ ചതച്ചത് ചേർത്ത് വഴറ്റുക. ഇതിലേക്ക് 1/2 ടീ സ്പൂണ് മഞ്ഞൾപൊടി, 2 ടേബിൾ സ്പൂൺ മുളക്പൊടി, 1 ടേബിൾ സ്പൂണ് മല്ലിപൊടി ചേർത്ത് പൊടികളുടെ പച്ച മണം മാറും വരെ വഴറ്റുക.

1 തക്കാളി അരിഞ്ഞതും ചേർത്ത് എണ്ണ തെളിയും വരെ വഴറ്റി എടുക്കുക. കുറച്ചു പുളി പിഴിഞ്ഞു ആ വെള്ളം ചേർത്ത് തിളപ്പിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് മീൻ കഷ്ണങ്ങൾ ചേർത്ത് ചെറിയ തീയിൽ ഒരു 5 മിനുറ്റ് തിളപ്പിക്കുക. ശേഷം അരപ്പ് ചേർത്തിളക്കി പാകത്തിന് വെള്ളവും കറിവേപ്പിലയും ചേർത്ത് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക. അവസാനം കാൽ ടീസ്പൂൺ ഉലുവപൊടി ചേർത്ത് തീ ഓഫ് ആക്കുക.
കുറച്ചു ഉലുവയും, ചെറിയ ഉള്ളിയും, വറ്റൽമുളകും, കറിവേപ്പിലയും ചേർത്ത് വറവിടുക.