Travel

അതിരപ്പിള്ളിയിൽ നിന്നും കാടുകടന്ന് മലക്കപ്പാറയിലേക്ക് ഒരു യാത്ര

മലനിരകളെ തലോടുന്ന മഞ്ഞിൻറെ സൗന്ദര്യം ഏതൊരാളെയും ആകർഷിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ശൈത്യകാലത്ത് യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികളും നിരവധിയാണ്. ഡിസംബർ മാസത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക കോടമഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന ഹൈറേഞ്ചുകളായിരിക്കും. അത്തരത്തിൽ മഞ്ഞുമൂടിയ മലനിരകളുടെ മനോഹാര്യത ആസ്വദിക്കാൻ പറ്റിയ ഒരിടമാണ് മലക്കപ്പാറ. മധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ സ്ഥിതിചെയ്യുന്നതും അതിരപ്പിള്ളി പഞ്ചായത്തിന് കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ.

ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇവിടം. പ്രകൃതിരമണീയവും ശാന്തവുമായ ഒരു ഹിൽസ്റ്റേഷൻ. കേരള – തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിൽ മനസിന് കുളിർമയേകുന്ന നിരവധി കാഴ്‌ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സമൃദ്ധമായ തേയിലത്തോട്ടങ്ങളും തണുത്ത കാലാവസ്ഥയും മലക്കപ്പാറയെ മനോഹരമാക്കുന്നു. ചാലക്കുടിയിൽ നിന്ന് 90 കിലോമീറ്റർ സഞ്ചരിച്ച് വേണം മലക്കപ്പായിൽ എത്താൻ. ആനത്താരകൾ കടന്നുവേണം യാത്ര. എപ്പോൾ വേണമെങ്കിലും കുട്ടിയാനകളുമൊത്ത് ആനക്കൂട്ടം വഴിക്ക് വട്ടം വന്നേക്കാം. അല്ലെങ്കിൽ മറ്റേതെങ്കിലും വന്യജീവികൾ. വളരെ ശ്രദ്ധിച്ച് വേണം യാത്ര.  അതിരപ്പിള്ളി വ്യൂ പോയിൻറ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക് എന്നിവിടങ്ങളും മലക്കപറയിലേക്കുള്ള യാത്രക്കിടെ സന്ദർശിക്കാം.