Travel

യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് പോകാം ചടയമംഗലത്തേക്ക്…

പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാര പദ്ധതിയാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജടായു പാറ. രാമായണത്തിലെ ഇതിഹാസപക്ഷിയായ ജടായുവിനായി സമര്‍പ്പിച്ച തീം പാര്‍ക്കാണിത്. തിരുവനന്തപുരത്തുനിന്ന് അമ്പതുകിലോമീറ്റര്‍ അകലെ ചടയമംഗലത്താണ് ലോകത്തിലെതന്നെ ഏറ്റവും വലിയ ഈ പക്ഷിപ്രതിമ സ്ഥിതി ചെയ്യുന്നത്. കുന്നിന്‍പുറത്തെ പാറക്കെട്ടുകള്‍ അതേപടി നിലനിര്‍ത്തി ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വിധത്തിലാണ് ഈ തീം പാര്‍ക്ക്.

65 ഏക്കറിലാണ് പാര്‍ക്ക്. പാറക്കെട്ടിനു മുകളിലൂടെ ഒരു കിലോമീറ്ററോളം കേബിള്‍ കാറില്‍ സഞ്ചരിച്ചുവേണം മുകളിലെ ശില്പത്തിനടുത്തെത്താന്‍. സാഹസികപ്രേമികള്‍ക്ക് താഴെനിന്ന് രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുളള ട്രെക്കിങ്ങ് പാതയുമുണ്ട്. ശില്പത്തിനകത്ത് രാമായണകഥയുടെ അത്ഭുതലോകമാണ് സഞ്ചാരിയെ കാത്തിരിക്കുന്നത്. കൂടാതെ ജടായു – രാവണ യുദ്ധത്തിന്റെ 6 ഡി തിയറ്റര്‍കാഴ്ച്ചയും ഒരുക്കിയിട്ടുണ്ട്. പക്ഷിയുടെ രണ്ടു കണ്ണിലൂടെ പുറംകാഴ്ച്ചകളും ആസ്വദിക്കാം.

പെയ്ന്റ് ബോള്‍, വാലി ക്രോസിങ്ങ്, റോക്ക് ക്ലൈമ്പിങ്ങ്, സിപ്പ് ലൈന്‍, ട്രക്കിംഗ്, അമ്പെയ്ത്ത്, എന്നിങ്ങനെ സാഹസിക വിനോദത്തിന്റെ വിവിധ ഇനങ്ങള്‍ അടങ്ങിയതാണ് അഡ്വഞ്ചര്‍ പാര്‍ക്ക്. മലമുകളില്‍ ഉയരത്തിലുള്ള ഭക്ഷണശാല പാര്‍ക്കിന്റെ വിഹഗദൃശ്യം ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനുളള സൗകര്യം തരുന്നു. സിദ്ധ സമ്പ്രദായത്തിലുള്ള സിദ്ധ കേവ് ഹീലിംഗ് കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

രാമായണത്തില്‍ ജടായു-രാവണ യുദ്ധം നടന്ന സ്ഥലമാണിതെന്നാണ് ഐതിഹ്യം. സീതയെ രാവണന്‍ അപഹരിച്ച് ലങ്കയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജടായു തടയാന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് ജടായുവും രാവണനും തമ്മില്‍ എതിരിടുന്നു. ഒടുവില്‍ രാവണന്റെ വെട്ടേറ്റു ജടായു വീഴുന്നു. രാമായണത്തിലെ സംഭവത്തെ അനുസ്മരിച്ചാണ് ഈ സ്ഥലത്തിന് ജടായു പാറ എന്ന പേര് ലഭിക്കുന്നത്.