Travel

തിരുവനന്തപുരത്തെ കാളിമലയെ കുറിച്ച് അറിയാം…

സഹ്യപര്‍വതത്തിന്റെ ഭാഗമായ വരമ്പതി മലനിരയിലാണ് കാളിമല. തിരുവനന്തപുരം ജില്ലയിലെ വെള്ളറടക്കു സമീപം കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നു ഏകദേശം 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സമുദ്രനിരപ്പില്‍ നിന്നും 3500 അടിയില്‍ അധികം ഉയരത്തില്‍ മലമുകളില്‍ സ്ത്രീകള്‍ പൊങ്കാല അര്‍പ്പിക്കുന്ന ഏക ഭഗവതി ക്ഷേത്രമാണിത്. ദക്ഷിണഭാരത തീര്‍ത്ഥാടനകേന്ദ്രമായാണ് ഇത് അറിയപെടുന്നത്.

പരാശക്തിയുടെ മാതൃരൂപമായ ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തി. അതോടൊപ്പം തുല്യ പ്രാധാന്യത്തോടെ ഒരു ധര്‍മ്മശാസ്താ ക്ഷേത്രവും ഉണ്ട്. ശിവനും, ഗണപതിയും ഉപദേവതകള്‍ ആയി ഇവിടെ കാണാം. വിശേഷ ദിവസങ്ങളില്‍ ശബരിമലയിലെന്ന വിധം ഭക്തര്‍ വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ചവിട്ടുന്നത്.

എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ‘ചിത്രപൗര്‍ണമി’ നാളില്‍ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തമായത്. ആയിരക്കണക്കിനു ആളുകള്‍ ചിത്ര പൌര്‍ണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായര്‍, നവരാത്രി വിജയദശമി ദിവസങ്ങളില്‍ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിന്റെയും മലയിടുക്കുകളുടെയും ശാന്തതയില്‍ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ശക്തി സങ്കല്‍പ്പം അതാണ് കാളിമല. ഇവിടെ സ്ഥിതിചെയ്യുന്ന ഭഗവതി ക്ഷേത്രത്തിന്റെ പഴക്കം ആര്‍ക്കും തന്നെ നിശ്ച്ചയമില്ല. പ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കല്‍പ്പത്തിന്.

വരമ്പതിമലയില്‍ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യമുനിയുടെ തപസ്സില്‍ സന്തുഷ്ടനായ ശ്രീധര്‍മ്മശാസ്താവ് അഗസ്ത്യമുനിക്ക് നേരിട്ട് ദര്‍ശനമേകിയെന്നും. മുനിയുടെ തപഃശക്തിയില്‍ മലമുകളില്‍ രൂപംകൊണ്ട ഉറവയില്‍നിന്നും ഔഷധഗുണമുള്ള ജലം പ്രവഹിച്ചു തുടങ്ങിയെന്നും. കൊടുംവേനലില്‍ വറ്റാത്ത ഉറവയായി ശക്തിതീര്‍ത്ഥം അഥവാ ദേവിതീര്‍ത്ഥം എന്ന പേരില്‍ ഇത് അറിയപെടുന്നു.

ദുരിതശാന്തിക്കായി ഗംഗാതീര്‍ത്ഥം പോലെ കാളീതീര്‍ത്ഥവും വീടുകളില്‍ കൊണ്ടുപോയി പവിത്രമായി ഭക്തര്‍ സൂക്ഷിക്കുന്നു. ചിത്രാപൗര്‍ണമി നാളില്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ പൊങ്കാല അര്‍പ്പിക്കുന്നത് ഈ ശക്തിതീര്‍ത്ഥത്തിലെ ജലം കൊണ്ടാണ്. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച സ്ഥലത്ത് ഒരു സര്‍പ്പം കല്ലായി കിടക്കുന്നുണ്ട് എന്ന വിശ്വാസവും നിലവില്‍ ഉണ്ട്. എന്നാല്‍ എട്ടുവീട്ടില്‍പിള്ളമാരുടെ ആക്രമണം ഭയന്നു കൂനിച്ചിമലയിലെത്തിയ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെ വനവാസി ബാലന്റെ രൂപത്തിലെത്തിയ ധര്‍മശാസ്താവ് രക്ഷപ്പെടുത്തിയെന്നും മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ക്ഷേത്രത്തിന്റെ പേരില്‍ 600 ഏക്കര്‍ ഭൂമി കരം ഒഴിവാക്കി പട്ടയം നല്‍കി എന്നും മറ്റൊരു ഐതിഹ്യം കൂടെയുണ്ട്.