ആന്ധ്രാ പ്രദേശിലെ പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് രാമായപട്ടണം ബീച്ച്. വർഷം മുഴുവനും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ആളുകൾ സന്ദർശനത്തിന് എത്തുന്ന ഒരു കിടിലൻ സ്പോട്ടാണ് ഇവിടം. വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങൾക്ക് പോരുകേട്ട ഇവിടം പ്രദേശവാസികളെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാണ്. നെല്ലൂരിൽ നിന്ന് 25 കിലോമീറ്റർ യാത്രമാത്രമേ രാമായപട്ടണം ബീച്ചിലേക്കുള്ളൂ. ഇവിടെയുള്ള ലൈറ്റ് ടവർ സഞ്ചാരികൾക്ക് ഇഷ്ടപ്പെടും എന്നത് ഉറപ്പാണ്. വൈകിട്ട് അഞ്ചുമണിക്ക് ശേഷം മാത്രമേ ഈ ലൈറ്റ് ടവർ തുറക്കൂ. മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ കടലിന്റെയും തീരപ്രദേശത്തിന്റെയും അതിമനോഹര കാഴ്ച ആസ്വദിക്കാം. കടലിന്റെ ഗന്ധമുള്ള ഈറൻ കാറ്റ് നമ്മെ തൊട്ട്തലോടും. അസ്തമയ കാഴ്ചയും ഏറെ ഉയരത്തിൽ നിന്ന് കണ്ട് ആസ്വദിക്കാം. അസ്തമയത്തോട് അടുത്ത്, വെളിച്ചം മങ്ങിവരിമ്പോൾ ലൈറ്റ് ടവറിന്റെ നീളൻ നിഴൽ കടൽക്കരയിൽ അങ്ങനെ നീണ്ട് കിടക്കുന്നത് കാണാം. നിരവധി ബീച്ചുകൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും രാമായപട്ടണം ബീച്ചും ഇവിടുത്തെ അസ്തമയക്കാഴ്ചകളും സന്ദർശകർക്ക് അൽപം വ്യത്യസ്തത നൽകുന്നത് തന്നെയായിരുക്കും. സന്ദർശകർക്ക് ആരോഗ്യകരവും ശുചിത്വമുള്ളതുമായ മികച്ച അനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായി ആന്ധ്രാ സർക്കാർ അടുത്തിടെയായി ബീച്ചിലേക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തിയിരുന്നു.