കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ 300 ഓളം ഏക്കർ സ്ഥലത്ത് ഭൂനിരപ്പിൽ നിന്നും ആയിരത്തോളം അടി ഉയരത്തിൽ സിഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളോടുകൂടിയ ഒരു മലനിരപ്പാണ് മുട്ടറ മരുതിമല. കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് അതിർത്തിയിലാണ് മരുതിമല സ്ഥിതി ചെയ്യുന്നത്. മാനംമുട്ടുന്ന കസ്തൂരിപ്പാറ, ഭഗവാൻ പാറ, കാറ്റാടിപ്പാറ എന്നിവയൊക്കെ കാഴ്ചക്കാർക്ക് കൗതുകമാണ്. ചിലയിടങ്ങളിൽ തണലൊരുക്കി മരങ്ങളും വള്ളിപ്പടർപ്പുകളും നിൽക്കുന്നത് കാണാം. അത്യപൂർവ്വങ്ങളായ സസ്യങ്ങളും പക്ഷിമൃഗാദികളും തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. കേരളത്തിലെ ആദ്യ ഹരിതവന പദ്ധതി നടപ്പാക്കിയ വനേതര പ്രദേശം കൂടിയാണിത്. പുലർകാലത്ത് മഞ്ഞുവീഴ്ചയും സായന്തനത്തിൽ കുളിർകാറ്റുമുള്ള മരുതിമലയിൽ നിന്നും സൂര്യസ്ഥമയം കാണാനും അതിമനോഹരമാണ്.
ചില ദിവസങ്ങളിൽ കുരങ്ങൻമാരെ ഇവിടെ കൂട്ടത്തോടെ കാണാൻ സാധിക്കും. ഓണത്തിന് വാനര സദ്യ ഒരുക്കാറുള്ള ഒരിടം കൂടിയാണിത്. സുഖകരമായി ട്രക്ക് ചെയ്ത് പോകാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഏകദേശം 30 മിനിറ്റ് സമയമാണ് മുകളില്‍ എത്തിച്ചേരുന്നതിനായി എടുക്കുന്നത്. കരിങ്കല്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ കയറി മുകളില്‍ ചെല്ലുമ്പോള്‍ കുളിര്‍ക്കാറ്റും അതിമനോഹര കാഴ്ചകളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം സുരക്ഷിതമായി യാത്ര ചെയ്യാം എന്നതാണ് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കൊട്ടാരക്കരയിൽ നിന്നും വെറും 10കിലോ മീറ്റർ മാത്രമാണ് ഈ മനോഹരമായ സ്ഥലത്തേക്കുള്ള ദൂരം.